ഹൈദരാബാദ്: ട്രെയിന് യാത്രക്കിടെയുണ്ടായ പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയെന്ന യുവതിയുടെ അവകാശവാദം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തൽ. ഹൈദരാബാദിലാണ് സംഭവം. റീൽസെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി വീണതെന്നും ഇക്കാര്യം മറച്ചുവെക്കാനാണ് വ്യാജ പീഡന ശ്രമമെന്ന് ആരോപിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
എംഎംടിഎസ് ട്രെയിനിൽ നിന്നാണ് 23 കാരിയായ യുവതി വീണത്. മെഡ്ചലിലെ ഹോസ്റ്റലിൽ താമസക്കാരിയായ യുവതി ഒരു ഫുഡ് ഡെലിവറി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സെക്കന്തരാബാദിൽ നിന്ന് മെഡ്ചലിലേക്ക് എംഎംടിഎസ് ട്രെയിനിന്റെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ അജ്ഞാതൻ തന്നെ ആക്രമിച്ചതായി ആരോപിച്ചു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയെന്നും തലയ്ക്കും താടിക്കും വലതുകൈയ്ക്കും അരക്കെട്ടിനും പരിക്കേറ്റതായും യുവതി പറഞ്ഞു. വഴിയാത്രക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഗവൺമെന്റ് റെയിൽവേ പൊലീസ് നടപടി സ്വീകരിച്ചു, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം ക്രിമിനൽ ബലപ്രയോഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തു. അന്വേഷണത്തിനായി നിരവധി ടീമുകൾ രൂപീകരിച്ചു. ഏകദേശം 250 ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയിക്കപ്പെടുന്ന നൂറിലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ യുവതിയുടെ ആരോപണങ്ങൾക്ക് ശരിവെക്കുന്ന തെളിവൊന്നും കണ്ടെത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നപ്പോൾ യുവതിയെ കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.