കടുത്തുരുത്തി: പോലീസ് കസ്റ്റഡിയിലെടുത്ത സ്വര്‍ണവ്യാപാരിയുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്നും ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും വിശ്വകര്‍മ്മ സമുദായ സംഘടനാ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുഹമ്മയിലെ സ്വര്‍ണവ്യാപാരിയായിരുന്ന പൊന്നാട്ടു പണിക്കാപറമ്പില്‍ രാധാകൃഷ്ണന്റെ മരണത്തിന് കാരണം കടുത്തുരുത്തി പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നും കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപെട്ടുമാണ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് പ്രതിഷേധക്കാരെത്തിയത്. രാധാകൃഷ്ണന്റെ മാതാവ് പത്മാവതി, ഭാര്യ സതി, മകന്‍ രതീഷ് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. പോലീസ് സ്റ്റേഷന് നൂറ് മീറ്ററകലെ പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് സ്വാമി സാധുകൃഷ്ണാന സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. വിശ്വബ്രാഹ്മണ ആചാര്യസമിതി പ്രസിഡന്റ് കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യ സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ രവീന്ദ്രന്‍ വാകത്താനം, അനില്‍ ആറുകാക്കല്‍, ജോയി പഴേമഠം, കെ.കെ. ചന്ദ്രന്‍, അനീഷ് കൊക്കര, അജയഘോഷ്, സുനില്‍ ആലുവ, ദീപു എരുമേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശ്വബ്രാഹ്മണ ആചാര്യ സമിതിയുടെ ആഹ്വാനപ്രകാരമാണ് മാര്‍ച്ച് നടത്തിയത്. തൊണ്ടി മുതല്‍ വാങ്ങിയെന്ന പേരില്‍ കടുത്തുരുത്തി പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണന്‍ പിന്നീട് തെളിവെടുപ്പിനായി കടയിലെത്തിച്ച സമയത്ത് മരിക്കുകയായിരുന്നു. മര്‍ദ്ധനത്തെ തുടര്‍ന്നാണ് രാധാകൃഷ്ണന്‍ മരിച്ചതെന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതിപൂര്‍വമായ പെരുമാറ്റം ഉണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി സമരം നടത്തിയതിന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത 24 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply