ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിതരണം ചെയ്യാനുള്ള കുടിവെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും ആവര്‍ത്തിച്ചു.
ഡല്‍ഹിയിലേക്കുള്ള കുടിവെള്ള സ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന ഹരിയാനയുടെ പ്രവൃത്തി ജലഭീകരതയാണെന്നും അതിഷി. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ അമോണിയയുടെ അംശം കൂടാന്‍ കാരണമിതാണെന്ന് മുഖ്യമന്ത്രി പറയുന്നു.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അതിഷി പരാതി അയച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജല വിതരണം മനഃപൂര്‍വം മലിനമാക്കുന്ന പ്രവൃത്തികളാണ് ഹരിയാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഇതില്‍ ആരോപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തിലുണ്ടാകണമെന്നാണ് ആവശ്യം.
1 പിപിഎം ലെവല്‍ അമോണിയ വരെ നീക്കം ചെയ്യാന്‍ ശേഷിയുള്ള ജല ശുദ്ധീകരണ പ്ലാന്റുകളാണ് ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ളത്. എന്നാല്‍, രണ്ടു ദിവസമായി ഹരിയാനയില്‍നിന്നു കിട്ടുന്ന വെള്ളത്തില്‍ അമോണിയയുടെ അംശം 7 പിപിഎം വരെ ഉയര്‍ന്നിട്ടുണ്ട്.
കുടിവെള്ളത്തില്‍ അമോണിയയുടെ അംശം കൂടിയാല്‍ വൃക്കരോഗവും ശ്വാസംമുട്ടലും ആന്തരികാവയവങ്ങളുടെ ദീര്‍ഘകാല തകരാറുകളും ഉണ്ടാകാം. ജലവിതരണം 15 മുതല്‍ 20 ശതമാനം വരെ വെട്ടിക്കുറച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply