റിയാദ്: ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ഇനി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിക്ഷേപം നടത്താം. മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താമെന്ന് സൗദി അറേബ്യയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ പ്രഖ്യാപിച്ചു. ആഗോള നിക്ഷേപം ആകര്‍ഷിക്കുന്നതിനും രാജ്യത്തെ പ്രധാന മത നഗരങ്ങളിലെ പദ്ധതികള്‍ക്ക് പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സൗദിയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.
ഇസ്ലാം മതവിശ്വാസികള്‍ പുണ്യ നഗരമായി കണക്കാക്കുന്ന മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും എത്താറുള്ളത്. ഹജ്ജ്, ഉമ്ര അടക്കമുള്ളവ നിര്‍വഹിക്കാനാണ് കൂടുതല്‍ പേരും എത്തുന്നത്. സൗദി അറേബ്യയുടെ വരുമാന സ്രോതസുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. 12 ബില്യണ്‍ ഡോളറാണ് 2019ല്‍ വരുമാനമായി സൗദിയില്‍ എത്തിയത്. 2030 ആകുമ്പോഴേക്കും ഇത് 30 ബില്യണിലേക്ക് എത്തിക്കാനാണ് സൗദിയുടെ നീക്കം. മറ്റ് സ്രോതസുകളില്‍ നിന്നടക്കം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വിഷന്‍ 2030 എന്ന പേരില്‍ ക്യാമ്പയിനുകളും നടക്കുന്നുണ്ട്.
വിദേശ നിക്ഷേപം നടത്തുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
1, മക്കയിലെയും മദീനയിലെയും നിക്ഷേപം നടത്തുന്ന ലിസ്റ്റഡ് കമ്പനികള്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
2, വിദേശികള്‍ക്ക് ഷെയറുകളിലോ കണ്‍വെര്‍ട്ടിബിള്‍ ഡെറ്റ് ഇന്‍സ്ട്രുമെന്റിലോ നിക്ഷേപിക്കാം.
3, തന്ത്രപ്രധാനമായ നിക്ഷേപകര്‍ക്ക് അവസരം ലഭിക്കില്ല
4, നിക്ഷേപം നടത്തുന്ന ഒരു കമ്പനിയുടെയും 49% ഓഹരികളില്‍ കൂടുതല്‍ സൗദികളല്ലാത്തവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയില്ല.
ഈ നിക്ഷേപങ്ങളില്‍ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും. കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളൂ. മക്കയിലേക്കും മദീനയിലേക്കും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ട് കൂടുതല്‍ ഇന്ത്യക്കാര്‍ നിക്ഷേപവുമായി എത്തുമെന്നാണ് കരുതുന്നത്. 2023ല്‍ മാത്രം 139,000 ഇന്ത്യക്കാരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയത്. 2024 ആകുമ്പോഴേക്കും അതില്‍ ചെറിയ വര്‍ദ്ധനയോടെ 139,964 പേര്‍ എത്തി. പുതിയ നിയമം ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവരുടെ സ്വന്തം സമൂഹത്തിന്റെ യാത്രകള്‍ക്കും മതപരമായ ആവശ്യങ്ങള്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് മേഖലയുമായി ബന്ധപ്പെടാനുള്ള അവസരം തുറന്നിരിക്കുകയാണ്. കൂടുതല്‍ പ്രവാസി നിക്ഷേപകര്‍ ഈ അവസരം വിനിയോഗിക്കാന്‍ സാദ്ധ്യതയുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply