വിവാഹവേദിക്കായി ലക്ഷങ്ങള്‍ വാടക വരുന്ന ഓഡിറ്റോറിയങ്ങളും വേദികളും ബുക്ക് ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വിവാഹത്തിന് വേദിയായിരിക്കുകയാണ് ഒരു സര്‍ക്കാര്‍ ആശുപത്രി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം.
ബുധനാഴ്ച ആശുപത്രിയില്‍ നടന്ന വൈകാരികവും അവിസ്മരണീയവുമായ ചടങ്ങിനുശേഷം ആദിത്യ സിങ്ങും നന്ദിനി സോളങ്കിയുമാണ് ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്. അക്ഷതൃതീയ ദിനത്തില്‍ വിവാഹിതരാകാന്‍ ആയിരുന്നു ഇരുവരും തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തിന് ഒരാഴ്ച്ച മുമ്പ് നന്ദിനിക്ക് അസുഖം ബാധിച്ചു. ആദ്യം നന്ദിയുടെ നാടായ കുംഭ്‌രാജിലെ ആശുപത്രിയില്‍ ചികിത്സ നേടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 25 കിലോമീറ്റര്‍ അകലേയുള്ള ബിനാഗഞ്ചിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം 50 കിലോമീറ്റര്‍ അകലേയുള്ള ബിയോറയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നന്ദിനിയുടെ ആരോഗ്യം ക്രമേണ മെച്ചപ്പെട്ടെങ്കിലും, ഡോക്ടര്‍മാര്‍ പൂര്‍ണമായ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍, പരമ്പരാഗത വിവാഹ ചടങ്ങിനുള്ള സാധ്യത ഇല്ലാതായി. അടുത്ത അനുയോജ്യമായ മുഹൂര്‍ത്തം രണ്ട് വര്‍ഷത്തിന് ശേഷം വരുന്നതിനാല്‍, ആശുപത്രിയില്‍ വെച്ച് തന്നെ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഈ തീരുമാനത്തെ പിന്തുണക്കുകയും ചടങ്ങിനായി ഒപിഡി ഏരിയ അലങ്കരിക്കാന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ആദിത്യ വിവാഹംസംഘത്തോടൊപ്പം വിവാഹവേഷത്തില്‍ ആശുപത്രിയിലെത്തി. എന്നാല്‍ ആശുപത്രിയിലാണ് വിവാഹം എന്നതിനാല്‍ ബാന്റ് മേളവും പാട്ടുമെല്ലാം ഒഴിവാക്കി.
പുലര്‍ച്ചെ ഒരു മണിക്കായിരുന്നു വിവാഹച്ചടങ്ങുകള്‍ തുടങ്ങിയത്. ‘സാത് ഫേരെ’യ്ക്കുള്ള സമയമായപ്പോള്‍ ആദിത്യ നന്ദിനിയെ കൈകളിലെടുത്ത് അഗ്നിക്ക് ചുറ്റും നടന്നു. ഇത് ഏറെ ഹൃദയസ്പര്‍ശിയായ കാഴ്ച്ചയായിരുന്നു. ഡോക്ടര്‍മാരും ന്‌ഴ്‌സുമാരുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. ഉച്ചത്തിലുള്ള ശബ്ദങ്ങളൊന്നുമില്ലാതെ ലളിതമായിട്ടായിരുന്നു വിവാഹം. ചുവപ്പ് ലെഹങ്കയായിരുന്നു വധുവിന്റെ വിവാഹവസ്ത്രം.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. നിരവധി പേര്‍ എക്‌സിലും ഫെയ്‌സ്ബുക്കിലും ഇത് പങ്കുവെച്ചു. ‘സ്‌നേഹവും അതിജീവനും നിറഞ്ഞുനിന്ന ചടങ്ങ്’ എന്നാണ് പലരും ഈ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.