ലഖ്‌നൗ: ഭര്‍ത്താവ് താടി വടിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ താടിയില്ലാത്ത ഭര്‍തൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്രമായ പരാതിയുമായി യുവാവ് പോലീസിനെ സമീപിച്ചത്. മീററ്റ് സ്വദേശിയായ മുഹമ്മദ് ഷാക്കിര്‍(28) ആണ് ഭാര്യ അര്‍ഷി(25) തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നും മൂന്നുമാസമായിട്ടും അന്വേഷിച്ചിട്ട് കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്.

തനിക്ക് താടിയുള്ളത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതേച്ചൊല്ലി നേരത്തേ പലതവണ ഭാര്യ ഭീഷണിമുഴക്കിയിരുന്നതായും പരാതിയിലുണ്ട്. തുടര്‍ന്നാണ് ക്ലീന്‍ഷേവായ തന്റെ സഹോദരനായ മുഹമ്മദ് സുബൈറി(24)നൊപ്പം ഭാര്യ ഒളിച്ചോടിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.

ഏഴുമാസം മുമ്പാണ് പരാതിക്കാരനായ ഷാക്കിറും ഇഞ്ചോളി സ്വദേശിനിയായ അര്‍ഷിയും വിവാഹിതരായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ ഷാക്കിറിന്റെ താടിയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നം ആരംഭിച്ചു. താടി ഷേവ് ചെയ്യണമെന്നും താടിയുള്ള ഭര്‍ത്താവിന്റെ രൂപം തനിക്കിഷ്ടമല്ലെന്നുമാണ് ഭാര്യ പറഞ്ഞിരുന്നത്. നിരന്തരം ഇക്കാര്യം യുവതി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് ചെവികൊണ്ടില്ല. ഇതിനിടെ, താടി വടിച്ചില്ലെങ്കില്‍ തന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പറഞ്ഞു.

ഭാര്യയുടെ ആവശ്യം കാര്യമാക്കാതിരുന്നതോടെയാണ് ഫെബ്രുവരി മൂന്നാം തീയതി ഭാര്യ വീട് വിട്ടുപോയതെന്നാണ് യുവാവിന്റെ ആരോപണം. തന്റെ സഹോദരനായ മുഹമ്മദ് സുബൈറിനൊപ്പമാണ് ഭാര്യ ഒളിച്ചോടിയതെന്നും വീട്ടില്‍നിന്ന് ചില വസ്തുക്കള്‍ കൈക്കലാക്കിയാണ് ഇവര്‍ മുങ്ങിയതെന്നും ഷാക്കിര്‍ ആരോപിച്ചു.

കഴിഞ്ഞ മൂന്നുമാസമായി താന്‍ ഇവര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു. പക്ഷേ, രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച്ഓഫാണ്. ഒരു സൂചനയും ലഭിച്ചില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും യുവാവ് പറഞ്ഞു.

ഭാര്യയെ കാണാനില്ലെന്നും സഹോദരനൊപ്പം ഒളിച്ചോടിയതായി സംശയമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഷാക്കിര്‍ പരാതി നല്‍കിയതെന്ന് മീററ്റ് എസ്പി ആയുഷ് വിക്രം സിങ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അതിനിടെ, സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പഞ്ചാബിലെ ലുധിയാനയിലുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. പഞ്ചാബ് പോലീസുമായി ബന്ധപ്പെട്ട് ഇരുവരെയും കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply