പല കാരണങ്ങൾ കൊണ്ടും ആളുകൾ തങ്ങളുടെ പ്രണയത്തിൽ നിന്നും പിന്മാറാറുണ്ട്. എന്നാൽ, ചൈനയിൽ ഒരു യുവാവ് തന്റെ പ്രണയത്തിൽ നിന്നും പിന്മാറിയത് എന്തിനാണ് എന്നോ? കാമുകിയുടെ ഫോൺ ഓട്ടോമാറ്റിക്കായി ഹോട്ടലിലെ വൈഫൈയുമായി കണക്ടായതിന്റെ പേരിൽ. കാമുകി തന്നെ ചതിച്ചു എന്ന് പറഞ്ഞാണത്രെ യുവാവ് അവളെ ഉപേക്ഷിച്ചത്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലി എന്നാണ് കാമുകിയുടെ സർനെയിം. താൻ ഇക്കാര്യത്തിൽ നിഷ്കളങ്കയാണ് എന്നാണ് യുവതി പറയുന്നത്. അത് തെളിയിക്കാന്‍ അവള്‍ മുന്നിട്ടിറങ്ങുകയും ചെയ്തു.
ലി പറയുന്നത് ഇങ്ങനെയാണ്, മെയ് ദിന അവധിക്ക് താനും തന്റെ മുൻ കാമുകനും കൂടി തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗിലുള്ള ഒരു ഹോട്ടലിൽ പോയപ്പോഴാണ് സംഭവം നടന്നത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ, ഐഡി ചോദിച്ചു. ഐഡി കാർഡ് കാണാത്തതിനാൽ അവർ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചു. അപ്പോഴാണ് ലിയുടെ ഫോൺ ഹോട്ടലിന്റെ നെറ്റ്‌വർക്കിലേക്ക് ഓട്ടോമാറ്റിക്കായി കണക്റ്റു ചെയ്‌തിരിക്കുന്നതായി ലിയും കാമുകനും ശ്രദ്ധിച്ചത്.
ആദ്യമായിട്ടാണ് ആ ഹോട്ടലിൽ ചെല്ലുന്നത് എന്നാണ് ഇരുവരും പറഞ്ഞത്. എന്നാൽ, അത് അങ്ങനെ അല്ലെന്നും ലി അതിന് മുമ്പ് ഹോട്ടലിൽ ചെന്നിട്ടുണ്ട്, അതിനാലാണ് വൈഫൈ കണക്ടായത് എന്നുമായിരുന്നു കാമുകന്റെ ആരോപണം.
എന്നാൽ, താൻ ആദ്യമായിട്ടാണ് ആ ഹോട്ടലിൽ വരുന്നത് എന്ന് ലി പറഞ്ഞെങ്കിലും കാമുകൻ അത് കേൾക്കാൻ തയ്യാറായില്ലത്രെ. ഒടുവിൽ കാമുകൻ അവളെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
ലിയുടെ സുഹൃത്തുക്കളും അവളെ വിശ്വസിച്ചില്ല. അവസാനം അവൾ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാനിറങ്ങി. അപ്പോഴാണ്, നേരത്തെ അവൾ ജോലി ചെയ്തിരുന്ന ഹോട്ടലിലെ അതേ യൂസർനെയിമും പാസ്‍വേഡുമായിരുന്നു ഈ ഹോട്ടലിലേത് എന്ന് അവൾക്ക് മനസിലാവുന്നത്. കാമുകനോട് ഇത് പറയാൻ വിളിച്ചെങ്കിലും അവൻ അവളെ ബ്ലോക്ക് ചെയ്തിരുന്നു.
ഒടുവിൽ അവൾ ഒരു ലോക്കൽ ന്യൂസിൽ ചെന്ന് കാര്യം പറഞ്ഞു. അവിടെയുള്ള ഒരു റിപ്പോർട്ടർ അവൾക്കൊപ്പം രണ്ട് ഹോട്ടലുകളിലും പോയി കാര്യം ബോധ്യപ്പെട്ടു. അങ്ങനെയാണ് ഇത് വാർത്തയായത്. ആ കാമുകൻ ഇനി തിരികെ വന്നാലും തനിക്ക് വേണ്ട എന്ന നിലപാടിലാണ് ലി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.