തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു.
നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണില്‍ പൊടിയിടാനുള്ള ഒരു ചര്‍ച്ച മാത്രമായിരുന്നു ഇന്നലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാര്‍ ആരോപിച്ചു. പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചര്‍ച്ചയിലുണ്ടായില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു.
എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഇന്നലെ നടത്തിയ രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
‘ആശമാരുടെ ആവശ്യം അനുഭാവപൂര്‍വ്വം കേട്ടു. സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സമരക്കാര്‍ തയ്യാറായില്ല. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. 7000 രൂപ ഓണറേറിയം നല്‍കുന്നത് സംസ്ഥാനം മാത്രമാണ്. ഇന്‍സന്റീവ് കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നല്‍കുന്നത്. ഫിക്‌സ്ഡ് ഇന്‍സെനറീറീവ് 3000 രൂപയാണ്. ഇതില്‍ 1600 കേന്ദ്രവും 1400 കേരളവുമാണ് നല്‍കുന്നത്. ഓണറേറിയത്തിന് 2017 ല്‍ 10 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അത് പിന്‍വലിക്കണമെന്ന് സമരം തുടങ്ങി ആദ്യ ഘട്ടത്തില്‍ സമരക്കാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു. മാനദണ്ഡലം പിന്‍വലിക്കാനാകുമോ എന്ന് പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡം പിന്‍വലിച്ചു. 2006 ല്‍ നിശ്ചയിച്ച ഇന്‍സന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. സംസ്ഥാനത്ത് ആകെ 26125 ആശമാരാണുള്ളത്. ആകെ 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 21000 രൂപ ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവ സമരക്കാര്‍ ആവര്‍ത്തിക്കുന്നു. കൂട്ടരുതെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല. മൂന്നിരട്ടി ഉടന്‍ കൂട്ടണമെന്ന് പറഞ്ഞാല്‍ പല കാര്യങ്ങള്‍ പരിഗണിച്ച് മാത്രമെ അത് ആലോചിക്കാന്‍ പോലും കഴിയൂ’ – ആരോഗ്യമന്ത്രി വീണാ ജോര്‍ജ്


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply