നിലമ്പൂര്‍: എടക്കരയിലെ വ്യാപാര സ്ഥാപനമായ ലൈറ്റ് പാലസില്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കരുളായി വനം റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. നെടുങ്കയം വനം സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തു.
ആനക്കൊമ്പുകള്‍ കട ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് കബീറിന് കൈമാറിയത് നെടുങ്കയം വനം സ്റ്റേഷന്‍ പരിധിയിലെ ആദിവാസി നഗറിലുള്ളയാളെന്ന് കട ഉടമ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കരിമ്പുഴ വന്യജീവി സങ്കേതിന്റെ പരിധിയില്‍ വരുന്ന ഉള്‍ വനത്തില്‍ ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ ഊരിയെടുത്താണ് കട ഉടമക്ക് നല്‍കിയത്. മൂത്തേടം കാരപ്പുറം സ്വദേശിയായ കട ഉടമയുമായി ആദിവാസികള്‍ക്കുള്ള ബന്ധവും ഇയാള്‍ക്ക് ആനക്കൊമ്പുകള്‍ നല്‍കാന്‍ കാരണം. കബീര്‍ ഇത് ആറു മാസത്തിലേറെയായി കടയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇടനിലക്കാര്‍ മുഖേനയാണ് ആനക്കൊമ്പുകള്‍ തൃശൂര്‍ സ്വദേശിക്ക് വില്‍പ്പന നടത്താന്‍ പദ്ധതി തയ്യാറാക്കിയത്. 31 കിലോ ഭാരമുള്ള രണ്ട് കൊമ്പുകള്‍ക്കായി 20 ലക്ഷം രൂപയാണ് കബീര്‍ ആവശ്യപ്പെട്ടതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തൃശൂരിലെ ഇടനിലക്കാരില്‍ ഒരാള്‍ തന്റെ വാട്ട് സാപ്പ് ഗ്രൂപ്പില്‍ ആനക്കൊമ്പുകള്‍ വില്‍പ്പനക്കുണ്ടെന്ന് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഡിആര്‍ഐ ക്ക് ലഭിച്ചതാണ് ആനക്കൊമ്പ് പിടിച്ചെടുക്കുന്നതിലേക്കെത്തിച്ചത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തൃശൂരിലെ ആളുമായി ബന്ധപ്പെട്ടപ്പോഴാണ് ബുധനാഴ്ച എടക്കരയിലെ കടയില്‍ വെച്ച് ആനക്കൊമ്പുകള്‍ കൈമാറുമെന്ന് വിവരം ലഭിച്ചത്.
ഡിആര്‍ഐ ചെന്നൈ, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരടക്കം പരിശോധനക്ക് നേത്യത്വം നല്‍കി. കബീറിന്റെ മറ്റ് പണമിടപ്പാടുകളുമായി ബന്ധപ്പെട്ട് ഡിആര്‍ഐ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് സൂചനയുണ്ട്. ബുധനാഴ്ച പിടിയിലായത് കട ഉടമയും മകനും ഇടനിലക്കാരുമാണ്. ആനക്കൊമ്പ് വാങ്ങാന്‍ തയ്യാറായ ആളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ആനക്കൊമ്പുകള്‍ കബീറിന് നല്‍കിയ ആദിവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.