പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്കെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ക്കെതിരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലും കോടതി അന്നുതന്നെ വിധി പറയും. വിടുതല്‍ ഹര്‍ജി തള്ളുകയാണെങ്കില്‍ കുറ്റം ചുമത്തുന്നതിന് സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല.
കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമെന്നാണ് വിടുതല്‍ ഹര്‍ജിയില്‍ പ്രതികളുടെ വാദം. ഇതല്ലാതെ കേസില്‍ തങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നും പ്രതികള്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നല്‍കി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്റെ പരകോടിയിലായിരുന്ന ഭഗവല്‍ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടല്‍ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്‌നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകള്‍. കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കേട്ടുകേള്‍വിയില്ലാത്ത കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.