ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പദ്വ്യവസ്ഥയാകുമെന്ന പ്രവചനം നടത്തിയത്. 2023ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായി വളര്‍ന്നിരുന്നു. 2026 ആകുമ്പോള്‍ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ യു.എസ്, ചൈന, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ നാലാമത്തെ സാമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും.
2028ല്‍ ജര്‍മനിയെ പിന്തള്ളി 5.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന രീതിയില്‍ മൂന്നാമത്തെ വലിയ സാമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും മോര്‍ഗന്‍സ്റ്റാന്‍ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ രീതിയില്‍ വളര്‍ച്ച തുടര്‍ന്നാല്‍ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യണ്‍ ഡോളര്‍ എക്കണോമി ആയി മാറും. 1990-ല്‍ ഇന്ത്യ ലോകത്തെ 12-ാമത്തെ സാമ്പദ്വ്യവസ്ഥയായിരുന്നു. പത്ത് വര്‍ഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍ 2020 ആപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സാമ്പദ്വ്യവസ്ഥയായി മാറി. 2023 ആയപ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സാമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറി.
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനങ്ങള്‍ പ്രകാരം 2029 ആകുമ്പോഴേക്കും ആഗോള ജി.ഡി.പിയുടെ 3.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ ഇന്ത്യയുടെ സംഭാവനയാകും. ജനാധിപത്യം, ജനസംഖ്യ, അടിസ്ഥാന സൗകര്യ വികസനം, സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് ചാലകശക്തിയായി മാറുക. ഇത് മാത്രമല്ല, ഇന്ത്യ ലോകത്തിലേറ്റവും വലിയ ഉപഭോക്തൃവിപണിയായി മാറുമെന്നും നിര്‍മാണ മേഖലയാകും ഇന്ത്യന്‍ ജിഡിപിയില്‍ പ്രധാന പങ്ക് വഹിക്കുകയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.