ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്ക് റിപ്പോര്‍ട്ട്. 2011-12 വര്‍ഷത്തില്‍ ഇന്ത്യയിലെ അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ജനസംഖ്യയുടെ 16.2% പേരായിരുന്നു. എന്നാല്‍, പത്തു വര്‍ഷത്തിനിപ്പുറം, 2022-23 വര്‍ഷത്തില്‍, അതിദ്രരുടെ എണ്ണം 2.3 ശതമാനമായി കുറഞ്ഞുവെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ 17.1 കോടിയാളുകളെ അതിദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കിയെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവസം 2.15 ഡോളറില്‍(183 രൂപ) താഴെ മാത്രം വരുമാനം ലഭിക്കുന്നവരെയാണ് ലോകബാങ്ക് അതിദരിദ്രരായി കണക്കാക്കുക.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഗണ്യമായ പുരോഗതിയാണ് ഉണ്ടായത്. ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് ഗ്രാമീണ മേഖലയിലെ അതിദാരിദ്ര്യത്തിന്റെ തോത് 18.4 ശതമാനത്തില്‍നിന്ന് 2.8 ശതമാനമായി കുറഞ്ഞു. നഗരമേഖലയിലെ അതിദാരിദ്ര്യം 10.7 ശതമാനത്തില്‍നിന്ന് 1.1 ശതമാനമായി കുറഞ്ഞു. ഗ്രാമീണ- നഗര മേഖലകളില്‍ അതിദാരിദ്ര്യത്തിന്റെ അന്തരം 7.7 ശതമാനത്തില്‍നിന്ന് 1.7 ശതമാനമായും കുത്തനെ കുറഞ്ഞു. ഇതുമാത്രമല്ല, ഇന്ത്യ താഴ്ന്ന – ഇടത്തരം വരുമാന വിഭാഗത്തിലേക്ക് ഉയര്‍ന്നുവെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

താഴ്ന്ന ഇടത്തരം വരുമാനമനുസരിച്ചുള്ള ദാരിദ്ര്യനിരക്കും കുത്തനെ കുറഞ്ഞു. പ്രതിദിനം 3.75 ഡോളറില്‍ താഴെ വരുമാനം ലഭിക്കുന്നവരെയാണ് താഴ്ന്ന ഇടത്തരം വരുമാന വിഭാഗമായി കണക്കാക്കുന്നത്. ഈ വിഭാഗത്തിലെ ദാരിദ്ര്യ നിരക്ക് 61.8 ശതമാനത്തില്‍നിന്ന് 28.1 ശതമാനമായി കുറഞ്ഞു. 37.8 കോടി ആളുകളാണ് ദാരിദ്ര്യത്തില്‍നിന്ന് മുക്തരായത്. ഗ്രാമീണമേഖലയില്‍ ദാരിദ്ര്യം 69 ശതമാനത്തില്‍നിന്ന് 32.5 ശതമാനമായും നഗരമേഖലയില്‍ ദാരിദ്ര്യം 43.5 ശതമാനത്തില്‍നിന്ന് 17.2 ശതമാനമായും കുറഞ്ഞു. ദാരിദ്ര്യത്തിലെ നഗര- ഗ്രാമ അന്തരം 25 ശതമാനത്തില്‍നിന്ന് 15 ശതമാനമായും കുറഞ്ഞു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ അതിദരിദ്രരില്‍ 54 ശതമാനവുമുള്ളത്. രാജ്യത്തെ സ്ത്രീകളിലുള്‍പ്പെടെയുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും സ്വയംതൊഴില്‍ കണ്ടെത്തുന്നവരുടെ എണ്ണം കൂടിയതുമാണ് ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ മാറ്റമുണ്ടാക്കിയത്. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 29 ശതമാനമാണെന്നത് വെല്ലുവിളിയാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിലുണ്ട്. 25 കോടിയോളം ആളുകളെ ദാരിദ്ര്യത്തില്‍ മുക്തരാക്കിയെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ അവകാശപ്പെട്ടിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply