തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനി ശാഖാകുമാരിയെ ഭര്‍ത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വിവാഹം രഹസ്യമായി നടത്തണമെന്നും വിവാഹ ഫോട്ടോയോ വീഡിയോയോ പുറത്ത് വിടരുതെന്നും അരുണ്‍ വ്യവസ്ഥ വെച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ചില ബന്ധുക്കൾ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപ്പിച്ചു. തുടർന്ന് വിവാഹം കഴിഞ്ഞ്  രണ്ട് മാസം തികയും മുൻപേ ശാഖാകുമാരിയെ കൊലപ്പെടുത്താൻ അരുൺ തീരുമാനിക്കുകയായിരുന്നു. ശാഖാകുമാരിയുടെ കുന്നത്തുകാലിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. കേസിൽ അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

ത്രേസ്യാപുരം പുത്തന്‍വീട്ടിൽ ശാഖാകുമാരിയും അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത് 2020 ഒക്ടോബർ 29 നാണ്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു തന്നേക്കാൾ ഇരട്ടി പ്രായമുള്ള സ്ത്രീയെ അരുൺ പ്രണയിച്ച് വിവാഹം കഴിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിവാഹം കഴിക്കുമ്പോൾ ശാഖാകുമാരിക്ക് 52 ഉം അരുണിന് 27 വയസ്സുമായിരുന്നു പ്രായം. ഇലക്ട്രീഷ്യനായി  ജോലി ചെയ്യുകയായിരുന്നു അരുൺ. 

ഡിസംബർ 25ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബന്ധുക്കൾ പിരിഞ്ഞ ശേഷം ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ഇതിന് ശേഷം  ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. സ്വാഭാവികമായി ഷോക്കേറ്റതാണെന്ന് വരുത്താൻ ശാഖാകുമാരിയുടെ ശരീരത്തിൽ അലങ്കാര ബള്‍ബുകൾ ചുറ്റിവെക്കുകയും ചെയ്തു. നാട്ടുകാർക്ക് തോന്നിയ സംശയമാണ് പൊലീസ് അന്വേഷണം അരുണിലെക്കെത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ. എം. ബഷീർ  അരുണിന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply