ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ബിസിസിഐയോ ഐപിഎല്‍ ഭരണസമിതിയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംഘര്‍ഷം കളിക്കാര്‍ക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രത്യേകിച്ചും വിദേശതാരങ്ങള്‍ക്കിടയില്‍. ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം ബിസിസിഐയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു ബിസിസിഐ. ഇപ്പോള്‍ മത്സരങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിയതോടെ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയേക്കും. പക്ഷേ വിവിധ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകന്നതിനാല്‍ താരങ്ങളുടെ മടക്കയാത്ര ബുദ്ധിമുട്ടാകും.
കഴിഞ്ഞ ദിവസം പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ സ്റ്റേഡിയത്തിന് പുറത്ത് നടന്ന സ്ഫോടനത്തെ തുടര്‍ന്ന് പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. മത്സരത്തിന് തൊട്ടു മുന്‍പാണ് സ്ഫോടനമുണ്ടായത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply