ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് അടിസ്ഥാനമാക്കിയ ജനസംഖ്യ വര്‍ധനവിന്റെ കണക്ക് ഏതാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്ത് ജനസംഖ്യ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് വാര്‍ഡ് വിഭജനം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജനസംഖ്യ വര്‍ധനവിന് അടിസ്ഥാനമാക്കിയ കണക്ക് ഏതാണെന്ന് കോടതി ചോദിച്ചത്.
2011ലെ സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരള ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ലീഗിന്റെയും, കോണ്‍ഗ്രസിന്റെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ വര്‍ഷം പുതിയ സെന്‍സസ് നടക്കാനിരിക്കെ പഴയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയത് തെറ്റാണെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഡിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു.
എന്നാല്‍, സംസ്ഥാനത്ത് ജനസംഖ്യ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ വാര്‍ഡുകളുടെ പുനര്‍വിഭജനം അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ മറുപടി നല്‍കി. തുടര്‍ന്നാണ് ജനസംഖ്യ വര്‍ധനവ് ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞത്. കൃത്യമായ കണക്കുകളില്ലാതെ നടത്തിയ വാര്‍ഡ് വിഭജനം ഏകപക്ഷീയമല്ലേഎന്ന വാക്കാലുള്ള നിരീക്ഷണവും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള നടത്തി.
അതേസമയം, കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹര്‍ജികളില്‍ ഉണ്ടായിരുന്നുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന സീനിയര്‍ അഭിഭാഷകനും രാജ്യസഭാ അംഗവുമായ നിരഞ്ജന്‍ റെഡ്ഡിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2011-ലെ സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ ഹര്‍ജി സമര്‍പ്പിച്ച കോഴിക്കോട് ജില്ലയിലെ വിവിധ മുന്‍സിപ്പാലിറ്റികളിലെ ആറ് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഡിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും ഹാജരായി.
യു.ഡി.എഫ്. ഭരിക്കുന്ന മട്ടന്നൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നവീന്‍ ആര്‍. നാഥും, അഭിഭാഷകന്‍ അബ്ദുള്ള നസീഹും ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സ്റ്റാന്ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്. സംസ്ഥാന വാര്‍ഡ് പുനര്‍വിഭജന കമ്മിഷന് വേണ്ടി അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവാണ് ഹാജരായത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.