കോട്ടയം: അയർക്കുന്നത് പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകൾക്കും നാടിന്റെ അന്ത്യാഞ്ജലി. ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് പാലാ മുത്തോലി പള്ളിയിൽ നടക്കും. ഭർത്താവിന്റെ നാടായ അയർക്കുന്നത്തെ പള്ളിയിൽ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങൾ ജിസ്മോളുടെ വീടായ മുത്തോലിയിൽ എത്തിച്ചത്.

പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൂട്ടി ജിസ്മോൾ ജീവനൊടുക്കിയതിന്റെ ഞെട്ടൽ പ്രിയപ്പെട്ടവർക്ക് ഇനിയും മാറിയിട്ടില്ല. പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ 9 മണിയോടെ ഭർത്താവിന്റെ നാടായ അയർക്കുന്നം ലൂർദ്മാതാ പള്ളിയിലേക്ക് ജിസ്മോളുടെയും മക്കളായ നേഹയുടെയും നോറയുടെയും മൃതദേഹങ്ങൾ എത്തിച്ചു. നാടിന്റെ നൊമ്പരമായവരെ ഒരുനോക്ക് കാണാൻ പ്രിയപ്പെട്ടവർ ഒഴുകിയെത്തി. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ കാണാനെത്തിയവരുടെ കണ്ണുകൾ നിറച്ചു. മൃതദേഹങ്ങൾ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി.

ഏപ്രിൽ 15നാണ് ജിസ്മോളും രണ്ടും അഞ്ചും വയസായ പെൺമക്കളുമായി അയർക്കുന്നത്ത് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. അഭിഭാഷകയായി ജിസ്മോൾ മുത്തോലി പഞ്ചായത്തിലെ മുൻ വൈസ്പ്രസിഡന്റ് കൂടിയായിരുന്നു. ഭർത്താവ് ജിമ്മിയുടെ വീട്ടുകാരുമായി ഉണ്ടായ കുടുംബപ്രശ്നങ്ങൾ ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ജിസ്മോളുടെ കുടുംബത്തിന്റെ ആരോപണം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply