കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയെ എറണാകുളം ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനില്‍നിന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസിപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിലവില്‍ നടന്റെ മൊഴി രേഖപ്പെടുത്തിയിട്ടേയുള്ളൂ. അതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. വൈദ്യപരിശോധനയ്ക്കും സാമ്പിള്‍ ശേഖരണത്തിനുശേഷം കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും എസിപി പറഞ്ഞു. അതേസമയം, സ്റ്റേഷനില്‍നിന്ന് പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഷൈനിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും നടന്‍ പ്രതികരിച്ചില്ല.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ ലഹരി ഉപയോഗത്തിനും ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടന്‍ ലഹരി ഉപയോഗിച്ചതിന് തെളിവ് കണ്ടെത്താനായി പോലീസ് വൈദ്യപരിശോധന നടത്തുന്നുണ്ട്. ഇതിനായി നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിള്‍ ശേഖരിക്കും.

ഏകദേശം നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഷൈന്‍ ടോം ചാക്കോയെ പോലീസ് ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനില്‍ ഹാജരായ നടന്‍ ചോദ്യംചെയ്യലില്‍ പലതും നിഷേധിച്ചു. ലഹരി ഇടപാടുകാരെ അറിയില്ലെന്നായിരുന്നു നടന്റെ ആദ്യമറുപടി. എന്നാല്‍, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍വിളി വിവരങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടെ നിരത്തി പോലീസ് ചോദ്യംചെയ്തതോടെ അദ്ദേഹം പതറി. ലഹരി ഇടപാടുകാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോ ഗൂഗിള്‍ പേ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെയും ആശയവിനിമയം നടത്തിയതിന്റെയും തെളിവുകളാണ് പോലീസ് കണ്ടെത്തിയത്. ഇത് മുന്നില്‍വെച്ച് ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ ഷൈന്‍ ടോം ചാക്കോയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. സജീറിനെ പരിചയമുണ്ടെന്ന് നടന്‍ സമ്മതിച്ചു.

പോലീസിന്റെ ഡാന്‍സാഫ് ടീം പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഷൈന്‍ ടോം ചാക്കോ കഴിഞ്ഞദിവസം കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍നിന്ന് ചാടിയോടി രക്ഷപ്പെട്ടത്. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ തൃശ്ശൂര്‍ സ്വദേശിനിയായ ഒരു യുവതി ഹോട്ടല്‍മുറിയിലെത്തി. രാത്രി ഏഴുമണി വരെ ഇവര്‍ ഹോട്ടല്‍മുറിയിലുണ്ടായിരുന്നു. ഇതിനുശേഷം രണ്ടുപേര്‍ കൂടി ഹോട്ടല്‍മുറിയില്‍ വന്നുപോയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അതേസമയം, ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ മലപ്പുറം സ്വദേശിയായ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് മുറി വിശദമായി പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല.

കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ടശേഷം ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലേക്കാണ് കടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടന്‍ ചോദ്യംചെയ്യലിന് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് നടന്‍ രാവിലെ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. മൂന്ന് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഫോണ്‍ മാത്രമാണ് നടന്‍ ഹാജരാക്കിയത്. ഹോട്ടലില്‍വന്ന പോലീസ് സംഘം ഗുണ്ടകളാണെന്ന് സംശയിച്ചാണ് ചാടിരക്ഷപ്പെട്ടതെന്നായിരുന്നു നടന്‍ നല്‍കിയ മൊഴി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply