ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കിക്കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ലെന്നും ജെ.പി. നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടോ എന്നും ഇതില്‍ കേരളത്തിന് കുടിശ്ശിക നല്‍കാനുണ്ടോ എന്നുമുള്ള പി. സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഫെബ്രുവരി 10 മുതലാണ് കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. 7000 രൂപയില്‍ നിന്ന് 21000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശ വര്‍ക്കര്‍മാര്‍ ഉന്നയിച്ചത്. പലതവണ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ചനടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. സമരം തുടങ്ങി പതിനെട്ടാം ദിവസം ജനുവരിയിലെ ഓണറേറിയം കുടിശ്ശികയും മൂന്നുമാസത്തെ ഇന്‍സെന്റീവിലെ കുടിശ്ശികയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയാണ് തീര്‍ത്തത്.
ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു വിഷയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെയും സി.പി.എം. നേതാക്കളുടെയും പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തു. ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 13,000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9,400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു.
സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ 120 കോടി രൂപ കേരളത്തിന് നല്‍കിയതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നുമാണ് നഡ്ഡ പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കിയത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply