ബെംഗളൂരു: സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന് ബെംഗളൂരു വിമാനത്താവളത്തില്‍ ലഭിച്ചിരുന്ന വിഐപി പരിഗണന സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. വിഐപി പ്രോട്ടോക്കോള്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണ് രന്യ തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ച്ചയായുള്ള വിദേശ സന്ദര്‍ശനങ്ങള്‍ക്കൊടുവില്‍ ഈ മാസം ആദ്യത്തിലാണ് രന്യയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. രന്യക്ക് വിമാനത്താവളത്തില്‍ വിഐപി പരിഗണനകള്‍ ഒരുക്കിയതില്‍ രണ്ടാനച്ഛനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫീസറുമായ കെ.രാമചന്ദ്ര റാവുവിന്റെ പങ്കാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.
12 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണവുമായിട്ടാണ് രന്യ ദുബായില്‍നിന്ന് വരവെ ഡിആര്‍ഐ പിടികൂടിയത്. ഇതിന് മുമ്പും പലതവണകളായി രന്യ സ്വര്‍ണവുമായി എത്തിയിരുന്നെന്നും വിഐപി സുരക്ഷയില്‍ പരിശോധനകളില്ലാതെയാണ് വിമാനത്താവളത്തില്‍നിന്ന് പോയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലുള്ള തന്റെ രണ്ടാനച്ഛന്റെ പേരും സ്ഥാനവും രന്യ റാവു ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയെ ആണ് കര്‍ണാടക സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉടന്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
സ്വര്‍ണക്കടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. രന്യ റാവുവിനെ വിമാനത്താവളത്തില്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് രന്യയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചത് പുറത്തുവിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയിട്ടുള്ളത്.
ഇതിനിടെ രന്യയുടെ സുഹൃത്തും കര്‍ണാടകയിലെ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനുമായ തരുണ്‍ രാജുവിനെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. രന്യയുടെ സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ പറയുന്നത്.
തരുണ്‍ രാജുവും രന്യ റാവുവും അടുത്ത സുഹൃത്തുക്കളാണെന്നും വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ ഇരുവരും പങ്കാളികളാണെന്നുമാണ് ഡിആര്‍ഐ സംശയിക്കുന്നത്. രന്യ വിവാഹം കഴിച്ചതോടെ അവരുടെ സൗഹൃദം മുറിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്വര്‍ണക്കടത്തില്‍ ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ രന്യ തരുണുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് തരുണിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന തെളിവ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.