ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യതയേറുന്നു. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി ഗോതിൽ സ്ഫോടനം നടന്നെന്നാണ് റിപ്പോർട്ട്. സ്ഫോടനങ്ങൾ ഡ്രോൺ ആക്രമണം ആയിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. 12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോർ ഡ്രോണ്‍ ആക്രമണത്തിൽ നാല് പാക് സൈനികർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിനിടെ, പാകിസ്ഥാനെ വിറപ്പിച്ച മിന്നലാക്രമണം തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയന്ത്രണ രേഖയിലെ പാക് വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

9 തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ പാക് ബന്ധം വലിയ സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ലാഹോറില്‍ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങള്‍ രാവിലെ എട്ടരയോടെയാണ് പുറത്ത് വന്നത്. വലിയ ശബ്ഗം കേട്ടെന്നും, മൂന്ന് സ്ഥലങ്ങളില്‍ പുക ഉയര്‍ന്നെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോള്‍ട്ടന്‍ വിമാനത്താവളത്തിന് തൊട്ടടുത്തായിരുന്നു സ്ഫോടനം. ഇന്ത്യയുടെ ഒരു ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഇന്നലെ രാത്രി ഇന്ത്യക്ക് നേരെ വ്യോമാക്രമണത്തിന് പാകസ്ഥാന്‍ സേന നീക്കം നടത്തിയെന്നാണ് സൂചന. പാക് വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കി ഇന്ത്യന്‍ സേന എന്തിനും തയ്യാറെടുത്ത് നിന്നു. പാക് വിമാനങ്ങള്‍ പക്ഷേ അതിര്‍ത്തി കടന്നില്ല. ഒരു പാക് വിമാനം ഇന്ത്യ എസ് 400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ ഭാഗത്ത് അമൃത് സറിനടുത്ത് മജീദയിലും രാത്രി നാട്ടുകാര്‍ സ്ഫോടന ശബ്ദം കേട്ടു. പഞ്ചാബ് അതിര്‍ത്തിയില്‍ ഇന്നലെ രാത്രി വൈദ്യുതി വിച്ഛേദിച്ചതും ആശങ്കയാക്കി. മജീദയില്‍ നിന്ന് ഡ്രോണിന്‍റേത് തോന്നുന്ന ചില ഭാഗങ്ങള്‍ കിട്ടി. ഇന്ത്യക്കും പാക് സംഘര്‍ഷം വലുതാകാനുള്ള സാധ്യത കൂട്ടുന്നതാണ് ഈ നീക്കങ്ങള്‍. തുടര്‍നീക്കങ്ങളുണ്ടാകുമെന്ന സൂചന പ്രധാനമന്ത്രിയും നല്‍കിയാതാണ് റിപ്പോര്‍ട്ട്.

അതേസമയം, തുടക്കം മാത്രമാണെന്നും എന്തിനും സജ്ജരായിരിക്കാനും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തില്‍ നിര്‍ദ്ദേശംം നല്‍കി. കൂടുതല്‍ ഭീകര കേന്ദ്രങ്ങളുടെ പട്ടിക ഇന്ത്യയുടെ കൈയിലുണ്ടെങ്കിലും തല്ക്കാലം ഒരു യുദ്ധത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിദേശരാജ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ആക്രമിക്കുകയാണെങ്കില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികളടക്കം നിയന്ത്രിച്ച് എന്തിനും ഇന്ത്യ സജ്ജമായിരിക്കുകയാണ്. ഇതിനിടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദേവലും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും പ്രധാനമന്ത്രിയുമായി ഒരു മണിക്കൂര്‍  കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലെ വെടിവയ്പിലും പാകിസ്ഥാന് ചുട്ട മറുപടി നല്‍കാനാണ് ഇന്ത്യയുടെ നീക്കം. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply