കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി ഉടമയായ കാർത്തിക പ്രദീപിന്റെ സുഹൃത്തിലേക്കും അന്വേഷണം. പാലക്കാട് സ്വദേശിയായ ഇയാൾ ഇപ്പോൾ മാൾട്ടയിലാണെന്നാണ് വിവരം.

ഉദ്യോഗാർഥിയെന്ന നിലയിലാണ് പാലക്കാട്ടുള്ള യുവാവ് കാർത്തികയുടെ അടുത്തെത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് നിഗമനം. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ടെന്ന സൂചനയും പോലീസ് നൽകുന്നു. അതിനിടെ പണം നൽകിയിട്ടും ജോലികിട്ടാതെ ചിലർ തുക തിരികെ ചോദിച്ചപ്പോൾ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരം ലഭിച്ചു. ഇതോടൊപ്പം ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി കാർത്തിക അഭിമുഖം നടത്തുന്നതിന്റെ പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു ഉദ്യോഗാർഥിയിൽനിന്ന് കുറഞ്ഞത് രണ്ടുലക്ഷം രൂപവീതം കാർത്തിക കമ്മിഷൻ വാങ്ങിയിരുന്നു.

ഒരുകോടിയിലേറെ രൂപ കാർത്തിക തട്ടിയെടുത്തിട്ടുണ്ട്. കൊച്ചിയിൽ നിന്നുമാത്രം 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനേത്തുടർന്ന് കാർത്തികയെ തിരികെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

യുകെയിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്ന് പറഞ്ഞ് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിലാണ് കാർത്തിക അറസ്റ്റിലായത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനുകീഴിലുള്ള പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് സ്ഥിരീകരിച്ചിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply