ഹൈദരാബാദ്: ഗര്‍ഭസ്ഥശിശുക്കളായ ഇരട്ടക്കുട്ടികള്‍ മരിക്കാന്‍ കാരണം ഡോക്ടറുടെ ചികിത്സാപിഴവെന്ന് പരാതി. തെലങ്കാന രംഗറെഡ്ഡി സ്വദേശിനിയായ കീര്‍ത്തിയാണ് തന്റെ ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തില്‍ ഡോക്ടര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. പ്രസവവേദനയുമായി താന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ വിജയലക്ഷ്മി ആശുപത്രിയിയിലെ ഡോക്ടറായ അനുഷ റെഡ്ഡി വീഡിയോകോളിലൂടെയാണ് പരിശോധിച്ചതെന്നും തുടര്‍ന്ന് ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശമനുസരിച്ച് നഴ്‌സാണ് തന്നെ പരിശോധിച്ചതെന്നുമാണ് കീര്‍ത്തിയുടെ ആരോപണം.

വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഐവിഎഫ് ചികിത്സയിലൂടെയാണ് കീര്‍ത്തി ഗര്‍ഭിണിയായത്. കഴിഞ്ഞമാസം ആശുപത്രിയിലെത്തി നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഡോക്ടര്‍ കീര്‍ത്തിയ്ക്ക് ചില തുന്നലുകളിട്ടു. എന്നാല്‍, ഇക്കഴിഞ്ഞ ഞായറാഴ്ച കഠിനമായ പ്രസവവേദന അനുഭവപ്പെട്ടതോടെ കീര്‍ത്തി വീണ്ടും ആശുപത്രിയിലെത്തി. പക്ഷേ, ഈ സമയം ഡോ. അനുഷ റെഡ്ഡി ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.

വീഡിയോ, ഓഡിയോ കോളിലൂടെയാണ് ഡോക്ടര്‍ രോഗിയെ ചികിത്സിക്കാനുള്ള നിര്‍ദേശങ്ങള്‍ നഴ്‌സുമാര്‍ക്ക് നല്‍കിയത്. ഇതനുസരിച്ച് നഴ്‌സുമാര്‍ ഇന്‍ജക്ഷന്‍ ഉള്‍പ്പെടെ നല്‍കിയെന്നും തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുത്തെന്നും കീര്‍ത്തി പറഞ്ഞു. എന്നാല്‍, ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചനിലയിലായിരുന്നു. മാത്രമല്ല, തനിക്ക് അമിതമായ രക്തസ്രാവമുണ്ടായതായും കീര്‍ത്തി ആരോപിച്ചു. ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുത്തശേഷമാണ് ഡോ. അനുഷ റെഡ്ഡി ആശുപത്രിയില്‍ എത്തിയതെന്നും എന്നാല്‍, ഡോക്ടര്‍ തന്നെ പരിശോധിക്കുക പോലും ചെയ്തില്ലെന്നും യുവതി പറഞ്ഞു.

നിലവില്‍ കീര്‍ത്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സാപ്പിഴവ് ആരോപിച്ച് കീര്‍ത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply