തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടു പോയത് സഹപാഠിയായ പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരിലെന്ന് സൂചന. ഇടവിളാകം സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ കാറിലെത്തിയ നാലംഗ സംഘം കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് കുടവൂര്‍ സ്വദേശി ശ്രീജിത്ത്, വേങ്ങോട് സ്വദേശികളായ അഭിരാജ്, അഭിരാം, അശ്വിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7.45ഓടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടിയെ കാണാതായ വിവരം ബന്ധുക്കളാണ് മംഗലപുരം പൊലീസില്‍ അറിയിച്ചത്.പ്രതികളില്‍ ഒരാള്‍ക്ക് പത്താം ക്ലാസുകാരന്റെ സഹപാഠിയായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഇതേ പെണ്‍കുട്ടിയുമായി പത്താം ക്ലാസുകാരന്‍ അടുത്ത സൗഹൃദം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
രണ്ടു ദിവസം മുന്‍പ് ബൈക്കിലെത്തിയ പ്രതികള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കിയല്ല. കഴിഞ്ഞ ദിവസം രാത്രി കാറില്‍ എത്തിയ പ്രതികള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥിയുടെ ഫോണിലേക്കു വിളിച്ചു. ഫോണെടുത്ത പ്രതികള്‍ പൊലീസുകാരെ അസഭ്യം പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ഥിയെ കീഴാറ്റിങ്ങലിലെ റബര്‍ തോട്ടത്തില്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. കാറുമായി കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയില്‍ എടുത്തത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply