കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയതാണ് കാരണമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി.
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാര്‍ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഫെബിന്റെ അച്ഛന്‍ ജോര്‍ജ് ഗോമസ് കുത്തേറ്റ് ചികിത്സയില്‍ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മുഖം മൂടുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. വീട്ടിലെത്തി ഫെബിനെ അക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പിതാവിനും കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന പെട്രോള്‍ മുറിയില്‍ ഒഴിച്ചു. ഇത് കണ്ട് കുത്തേറ്റ ഫെബിന്‍ തേജസ്സിനടുത്തേക്കെത്തിയപ്പോഴേക്കും അയാള്‍ പുറത്തേക്ക് ഓടി. പിന്നാലെ പോയ ഫെബിന്‍ മുറ്റത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെട്ട തേജസ്സ് വിവിധയിടങ്ങളില്‍ വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു പോയത്. ശേഷം ചെമ്മാന്‍ മുക്കില്‍ കാര്‍ ഉപേക്ഷിച്ച് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
പെട്ടെന്നുണ്ടായ പ്രകോപനമാണോ മറ്റെന്തെങ്കിലുമാണോ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് മരണങ്ങളും ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഒരാള്‍ മാത്രമാണോ കാറില്‍ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. ഇക്കാലത്തെ കുട്ടികള്‍ക്ക് എന്താണ് ജീവന്റെ വില മനസ്സിലാകാത്തതെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.