കാമുകിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 21 -കാരനായ മകനെ നടുറോഡിൽ വച്ച് ചെരുപ്പൂരിയടിച്ച് മാതാപിതാക്കൾ. കാൺപൂരിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഇവരെ ചോദ്യം ചെയ്യുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഗുജൈനി പ്രദേശത്തെ രാം ഗോപാൽ ജംഗ്ഷനിൽ വെള്ളിയാഴ്ച നടന്ന ഈ സംഭവം പരിസരവാസികളാണ് വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 21 -കാരനായ രോഹിത് എന്ന യുവാവും 19 -കാരിയായ യുവതിയുമാണ് മർദ്ദനത്തിന് ഇരയായത്. ഇരുവരും ഒരുമിച്ച് ഒരു വഴിയോര ചായക്കടയിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നത് രോഹിത്തിന്റെ മാതാപിതാക്കൾ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്ത മാതാപിതാക്കൾ രോഹിത്തിനെയും ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഇവർ വാഹനത്തിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞുനിർത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ മാതാപിതാക്കൾ രോഹിതിന്റെ മുഖത്ത് ചെരുപ്പുകൊണ്ട് അടിക്കുന്നതും ശകാരിക്കുന്നതും കാണാം. തടിച്ചുകൂടിയ നാട്ടുകാരിൽ ചിലർ രോഹിതിനെയും ഒപ്പമുള്ള യുവതിയെയും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. ഗുജൈനി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഇൻ-ചാർജ് വിനയ് തിവാരി ആണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. ഇരുകക്ഷികളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തി തൽക്കാലത്തേക്ക് പ്രശ്നം പരിഹരിച്ചതായാണ് ഇദ്ദേഹം പറയുന്നത്. വിഷയം കൂടുതൽ മോശമാകാതിരിക്കാൻ ഉള്ള നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് പ്രസ്താവനയിൽ പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.