വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവണമെങ്കില്‍ അതില്‍ ചില പ്രത്യേക ഇഫക്ടുകൾ വേണം. ആദ്യ സെക്കന്റുകളില്‍ തന്നെ കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടുള്ള ഭാഗങ്ങൾ കാണാന്‍ ആളില്ലാതാകും. അതിന് വേണ്ടിയാണ് ഇഫക്ടുകൾക്കുള്ള ശ്രമം. എന്നാൽ, വിഷ്വല്‍ ഇഫക്ട് ചെയ്യാന്‍ പണം ചെലവാണ്. അതിനുള്ള വരുമാനമില്ലാത്തവരാകും പലരും. പിന്നലെ ചെയ്യാനുള്ളത് വിഷ്വല്‍ ഇഫക്ട് സ്വന്തമായി ക്രീയേറ്റ് ചെയ്യുക എന്നതാണ്. അതിനാല്‍ ഒരു കണ്ടന്റ് ക്രീയേറ്റര്‍ ചെയ്തത് കണ്ട് അന്തം വിട്ടിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ.
മ്യൂസിക് വീഡിയോയായിരുന്നു യുവാവ് ചെയ്തിരുന്നത്. പാട്ട് പാടുമ്പോൾ അല്പം തീവ്രത തോന്നാനായി, വിഷ്വല്‍ ഇഫക്ടിന് വേണ്ടി യുവാവ് ചെയ്തതാകട്ടെ തന്റെ ജീന്‍സ് പാന്റില്‍ പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. പാന്റ്സില്‍ നിന്നും തീ ആളിപ്പടരുമ്പോൾ യുവാവ് പാട്ട് പാടി മുന്നോട്ട് നടക്കുന്നു. ഭയം പുറത്ത് കാണിക്കാതെ രണ്ട് വരി പാടിയെങ്കിലും മൂന്നാമത്തെ വരി തുടങ്ങാന്‍ അവന് കഴിഞ്ഞില്ല. അതിന് മുമ്പ് തന്നെ കത്തിത്തുടങ്ങിയ പാന്റില്‍ നിന്നും ചൂട് കാലിലേക്ക് പടർന്ന് തുടങ്ങിയിരുന്നു.
റോഡിലേക്ക് ഉരുണ്ട് വീഴുന്നതിനിടെ പാന്റ് ഊരിയെറിയുന്ന പാട്ടുകാരനിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ സമയം വീഡിയോ ചിത്രീകരിക്കുന്ന ചിലരുടെ ചിരി കേൾക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്. അടുത്ത കാലത്തായി വീഡിയോയ്ക്ക് വേണ്ടി മനുഷ്യന് എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ചിലരെഴുതി. മറ്റ് ചിലർ എഐയുള്ളപ്പോൾ എന്തിനാണ് ഇത്രയും പെർഫെക്ഷന് എന്നായിരുന്നു ചോദിച്ചത്. മറ്റ് ചിലർ പാട്ടുകാരനാരാണ് എന്ന് ചോദിച്ചു. മറ്റുള്ളവര്‍ ഭയന്ന് മാറുമ്പോൾ ഇത്രയും റിസ്ക് എടുക്കാന്‍ തയ്യാറായ പാട്ടുകാരന് അഭിനന്ദനം അര്‍ഹിക്കുന്നെന്ന് ചിലരെഴുതി. പാഠം പാഠിച്ചോ എന്നായിരുന്നു ചിലരുടെ ചോദ്യം.
Discover more from MALAYALAM
Subscribe to get the latest posts sent to your email.