നോയ്ഡ: ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച്‌ യുവാവ് ജീവനൊടുക്കി. മോഹിത് കുമാര്‍ എന്ന എന്‍ജിനീയറാണ് ജീവനൊടുക്കിയത്. നോയ്ഡയിലെ സിമന്റ് കമ്പനിയിലാണ് മോഹിത് ജോലി ചെയ്തിരുന്നത്.

ജീവനൊടുക്കുന്നതിന് മുമ്പ് കാരണം വ്യക്തമാക്കി മോഹിത് വീഡിയോ ചിത്രീകരിച്ചിരുന്നു. തന്റെ ഭാര്യയും അവരുടെ ബന്ധുക്കളും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മോഹിത് ആരോപിക്കുന്നു. തങ്ങള്‍ക്ക് പിറക്കാനിരുന്ന കുഞ്ഞിനെ ഭാര്യയുടെ മാതാവ് നിര്‍ബന്ധപൂര്‍വം ഗര്‍ഭഛിദ്രത്തിലുടെ നശിപ്പിച്ചുവെന്നും മോഹിത് പറയുന്നു. തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യയുടെ പേരിലെഴുതിക്കൊടുത്തില്ലെങ്കില്‍ തനിക്കും തന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനമാരോപിച്ച് കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജീവിച്ചിരിക്കുമ്പോള്‍ നീതി കിട്ടിയില്ല. മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കില്‍ തന്റെ ചിതാഭസ്മം അഴുക്കുചാലില്‍ ഒഴുക്കിക്കളയണമെന്നും മോഹിത് വീഡിയോയില്‍ പറയുന്നു.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഔറൈയ ജില്ലയില്‍നിന്നുള്ള ആളാണ് മോഹിത്. നോയ്ഡയിലെ സിമന്റ് കമ്പനിയില്‍ എന്‍ജിനീറായി ജോലി ചെയ്യുന്ന സമയത്താണ് പ്രിയ എന്ന യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഏഴുവര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് ശേഷം പ്രിയയ്ക്ക് ബിഹാറിലെ സമസ്തിപുരില്‍ പ്രൈമറി സ്‌കൂള്‍ ടീച്ചറായി ജോലി കിട്ടിയതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതെന്നാണ് മോഹിതിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിന് ശേഷം മോഹിതിനെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് പ്രിയയുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുണ്ടായതെന്നാണ് ആരോപണം.

നോയ്ഡ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍വെച്ചാണ് മോഹിത് ജീവനൊടുക്കിയത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply