ലക്നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രി പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാദം. ഇന്നലെ ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. നായ്ക്കള്‍ കുഞ്ഞിന്റെ മൃതദേഹം ഭക്ഷിക്കുന്നത് കണ്ട ആളുകള്‍ നായ്ക്കളെ ഓടിച്ചപ്പോഴേക്കും ശരീരത്തിന്റെ തലഭാഗം മുഴുവനായി വേര്‍പ്പെട്ടിരുന്നു. ശരീരം പകുതിയോളം ഭക്ഷിച്ചനിലയിലുമായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബത്തിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ലളിത്പൂര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വിമണ്‍സ് ഹോസ്പിറ്റലില്‍ ഈ കുഞ്ഞ് ജനിച്ചത്. ഭാരകുറവും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്ന കുഞ്ഞിനെ സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തല പൂര്‍ണമായി വികസിച്ചിട്ടില്ലായിരുന്നുവെന്നും 1.3 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മീനാക്ഷി സിംഗ് പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ മിനിറ്റില്‍ 80 തവണ ഹൃദയമിടിപ്പ് കുഞ്ഞിന് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്ന് തന്നെ ഉറപ്പില്ലായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. വൈകുന്നേരത്തോടെ കുട്ടി മരിച്ചതായും ഡോക്ടര്‍ പറയുന്നു. ശേഷം കുട്ടിയുടെ ബന്ധുവിന്റെ വിരലടയാളം വാങ്ങി മൃതദേഹം കൈമാറി. ഇതിന്റെ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ആശുപത്രി പരിസരത്ത് ഒരു കുഞ്ഞിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്നുവെന്ന വിവരം അറിഞ്ഞത്. പരിശോധിക്കുമ്പോള്‍ തലയറ്റ നിലയില്‍ ആയിരുന്നു മൃതദേഹം. ആശുപത്രിയിലെ ടാഗ് വച്ചാണ് കുഞ്ഞിനെ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ ലളിത്പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നാല് ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. ഇവരോട് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply