കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അട്ടമല സ്വദേശി ബാലനാണ് (27) മരിച്ചത്. അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപം ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പുറംലോകം അറിഞ്ഞത്.
പ്രദേശത്ത് പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ബാലന്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
കാട്ടാനകളുടെ ആക്രമണത്തില്‍ തിരുവനന്തപുരത്തും വയനാട്ടിലും കഴിഞ്ഞ ദിവസം രണ്ട് ജീവനുകള്‍ പൊലിഞ്ഞിരുന്നു. ആദിവാസി വിഭാഗത്തില്‍പെട്ടവരാണ് രണ്ടുപേരും. വയനാട്ടില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകന്‍മൂല ഉന്നതിയിലെ മാനു (46), തിരുവനന്തപുരം മടത്തറ പെരിങ്ങമ്മല ശാസ്താംനട വലിയപുലിക്കോട് ചതുപ്പില്‍ തടത്തരികത്ത് വീട്ടില്‍ ബാബു (54) എന്നിവരാണ് കൊല്ലപ്പെട്ടത്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞ ബുധനാഴ്ച കാട്ടിലേക്ക് പോയ ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. ആറു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ച അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് നീര്‍ചാലിന് സമീപത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രധാനപാതയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെ ഉള്‍വനത്തിലായിരുന്നു മൃതദേഹം കിടന്നത്.
തിങ്കളാഴ്ച രാത്രിയാണ് മാനുവിനെ കാട്ടാന കൊന്നത്. ഇന്നലെ രാവിലെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കാപ്പാട്ടെ മനുവിന്റെ കുടുംബ വീടിനടുത്തെ വയലിന് സമീപത്ത് മൃതദേഹം കണ്ടത്. ഭാര്യ ചന്ദ്രികയുമൊത്ത് അങ്ങാടിയില്‍ നിന്ന് സാധനം വാങ്ങിയശേഷം മാനു കാപ്പാട്ടെ കുടുംബവീട്ടിലേക്ക് പോയി. ഭാര്യ നരിക്കൊല്ലിയിലെ വീട്ടിലേക്കും. രാത്രി എട്ടോടെ ഓട്ടോയില്‍ ഓണിവയലില്‍ വന്നിറങ്ങിയശേഷം കുടുംബ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് മനുവിനെ കാട്ടാന ആക്രമിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply