മലപ്പുറം: വളാഞ്ചേരി നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരാണ്. അതേസമയം, പ്രദേശത്ത് അസ്വഭാവിക മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
മലപ്പുറം വളാഞ്ചേരിയില്‍ ഇന്നലെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ ഇവര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 നാണ് വളാഞ്ചേരി സ്വദേശിയായ സ്ത്രീ വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ കടുത്ത പനിക്ക് ചികിത്സ തേടിയത്. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ മെയ് ഒന്നിന് ചികിത്സ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഈ പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിപ്പ് വന്നത്. ഭര്‍ത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്മെന്റ് സോണ്‍ പ്രഖ്യാപിച്ചു.
യുവതിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ സ്രവസാമ്പിളുകള്‍ പരിശോധിച്ചതില്‍ ആദ്യഘട്ടത്തില്‍ എല്ലാം നെഗറ്റീവാണ്. എങ്കിലും ഇവരോട് 21 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് പരിശോധന നടത്തും. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പനി സര്‍വേ നടത്തും. നിപ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ പൊതുവായി ജാഗ്രത നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പുറപെടുവിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.