ഉദുമ: ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രന്‍ ഭാര്‍ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം 10 കപ്പല്‍ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. രജീന്ദ്രന്‍ ഇപ്പോള്‍ പനയാല്‍ അമ്പങ്ങാട്ടാണ് താമസം.
ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരില്‍ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പല്‍ ഒഴിവാക്കിയെന്നാണ് വിവരം. മാര്‍ച്ച് 17-ന് രാത്രി 11.30-നുശേഷം രജീന്ദ്രനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്കായിട്ടില്ല.
പാനമ രജിസ്‌ട്രേഷനുള്ള ‘വിറ്റൂ റിവര്‍’ കമ്പനിയുടെതാണ് കപ്പല്‍. മുംബൈ ആസ്ഥാനമായ ‘മെരി ടെക് ടാങ്കര്‍’ മാനേജ് മെന്റാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത്. വിറ്റൂ റിവര്‍ കമ്പനി 18-ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചതായി രജീന്ദ്രന്റെ ബന്ധു കെ.വി. ശരത്ത് പറഞ്ഞു.
കപ്പലില്‍ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതര്‍ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയവരെ ബന്ധപ്പെടാന്‍ കഴിയാത്തത് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കപ്പല്‍ കമ്പനി വീട്ടുകാര്‍ക്ക് വിവരം വിവരം കൈമാറിയിട്ടില്ല.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply