തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിയതില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണിത്.
പോലീസ് ഒഴികെ മറ്റുവകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം വരുന്ന പൂരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പൂരം നടക്കുന്ന ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് സജീവമായി ഇടപെടണമെന്നതാണ് പ്രധാന നിര്‍ദേശം. ആംബുലന്‍സുകള്‍ കൂടുതലായി സജ്ജീകരിക്കണമെന്നും പൂരത്തിന് മുന്നോടിയായി വകുപ്പുകളുടെ യോഗങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് നടക്കുന്നത്. ഡിജി.പി, ക്രൈം ബ്രാഞ്ച് മേധാവി, എ.ഡി.ജി.പി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണങ്ങളാണ് നടന്നുവരുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷിച്ചത് സംഭവത്തില്‍ മറ്റുവകുപ്പുകളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതാണ്. മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും ഈ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഡി.ജി.പിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ആദ്യമായി അന്വേണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാറാണ്. വിഷയത്തില്‍ ആരോപണവിധേയനായ അജിത് കുമാര്‍ തന്നെ അന്വേഷണം നടത്തിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം ഡി.ജി.പിയാണ് അന്വേഷിക്കുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply