തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ നിര്‍ണായകമൊഴി. ചുറ്റിക ഉപയോഗിച്ച് അഫാന്‍ ആദ്യം അമ്മ ഷെമിയെ ആക്രമിച്ചുവെന്നായിരുന്നു പോലീസ് കരുതിയിരുന്നത്. എന്നാല്‍, പാങ്ങോട് പോലീസിന് നല്‍കിയ മൊഴിയില്‍- ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയതിനെ കുറിച്ചും അതുപയോഗിച്ച് ഉമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയതിനേക്കുറിച്ചും അഫാന്‍ വ്യക്തമാക്കുന്നു.
സംഭവദിവസം രാവിലെ 11 മണിക്കുശേഷം അമ്മ ഷെമിയുമായി അഫാന്‍ വഴക്കിട്ടിരുന്നു. ശേഷം അവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു. ബോധംകെട്ടുവീണ ഷെമി മരിച്ചുവെന്ന് കരുതി വാതില്‍പൂട്ടി അഫാന്‍ വെഞ്ഞാറമ്മൂട് ജങ്ഷനിലേക്ക് പോയി. പിന്നീട് സുഹൃത്തില്‍നിന്ന് 1400 രൂപ കടംവാങ്ങിയശേഷം ചുറ്റികയും ബാഗും വാങ്ങി. തുടര്‍ന്ന് ഉമ്മൂമ്മ സല്‍മാബീവിയുടെ വീട്ടിലെത്തി അവരെ കൊലപ്പെടുത്തി. മാല കൈക്കലാക്കി.
തുടര്‍ന്ന് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അമ്മ ഷെമി കരയുന്നത് കണ്ടു. ഇതോടെ ചുറ്റികയെടുത്ത് അവരുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് അഫാന്‍ നല്‍കിയ മൊഴി. കൊണ്ടുനടക്കാനുള്ള സൗകര്യം, വാങ്ങുമ്പോള്‍ ആരും തെറ്റിദ്ധരിക്കില്ലെന്നും ശക്തമായ ഒറ്റയടിയില്‍തന്നെ ഇര മരണത്തിന് കീഴടങ്ങുമെന്നുള്ള വിശ്വാസം. ഇതൊക്കെയാണ് ആക്രമണത്തിന് ചുറ്റിക തിരഞ്ഞെടുത്തതെന്നാണ് അഫാന്‍ നല്‍കിയ മൊഴി.
സല്‍മാബീവിയുടെ കൊലപാതക കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ ചുറ്റിക വാങ്ങിയ കടയിലും മാല പണയംവെച്ച കടയിലുമായിരുന്നു തെളിവെടുപ്പ്. അഫാന്‍ എത്തിയ കാര്യം ഇവിടങ്ങളിലെ ജീവനക്കാര്‍ സ്ഥിരീകരിച്ചു. പണം അയക്കാനെത്തിയ ബാങ്കിന്റെ സി.ഡി.എം. കേന്ദ്രത്തിലും അഫാനുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കസ്റ്റഡി കാലാവധി കഴിയുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച വൈകിട്ട് അഫാനെ കോടതിയില്‍ ഹാജരാക്കും. മറ്റു കേസുകളില്‍ കസ്റ്റഡി ആവശ്യപ്പെട്ട് വെഞ്ഞാറമ്മൂട് പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply