വത്തിക്കാൻ: വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. എൺപത്തിയെട്ട് വയസ്സായിരുന്നു.ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് 2013 മാര്‍ച്ച് 13 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266 ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനുപുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.
ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 2001-ല്‍ ബെര്‍ഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഒട്ടേറെ ഭരണപരമായ ചുമതലകള്‍ വഹിച്ച അദ്ദേഹം തീര്‍ത്തും വ്യത്യസ്തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.
1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഏറീസില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും സാധാരണക്കാരിയായ വീട്ടമ്മ മരിയ സിവോറിയയുടെയും അഞ്ചുമക്കളില്‍ ഒരാളായാണ് ജനിക്കുന്നത്. ഇറ്റലിയില്‍നിന്നു കുടിയേറിയ ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. സാധാരണ കുടുംബത്തില്‍ ജനിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും ഇടപഴകിയും വളര്‍ന്നതിനാല്‍ താഴേക്കിടയിലുള്ളവര്‍ക്ക് അദ്ദേഹം പ്രത്യേകം പരിഗണന നല്‍കിയിരുന്നു.
എല്ലായ്‌പ്പോഴും ശാന്തനും പ്രസന്നവദനനുമായിരുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. അണുബാധയെത്തുടര്‍ന്ന് ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്ത് പത്തുവര്‍ഷത്തിനുശേഷം 32-ാം വയസ്സിലാണ് അദ്ദേഹം വൈദികപട്ടമേറ്റെടുക്കുന്നത്. താമസിച്ചാണ് പുരോഹിതപദവിയിലേക്കെത്തിയതെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ അര്‍ജന്റീനയിലെ ജസ്യൂട്ട് സഭയുടെ പ്രൊവിന്‍ഷ്യലായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1973 മുതല്‍ 79 വരെ പ്രൊവിന്‍ഷ്യന്‍ സ്ഥാനം അലങ്കരിച്ചു. 1992-ല്‍ ബ്യൂണസ് അയേഴ്‌സിലെ സഹായ മെത്രാനും 98-ല്‍ ആര്‍ച്ച് ബിഷപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബെര്‍ഗോളിയോയെ കര്‍ദിനാള്‍ സ്ഥാനത്ത് അവരോധിച്ചു. കര്‍ദിനാള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടശേഷം, തന്റെ മുന്‍ഗാമികള്‍ അനുഭവിച്ചുവന്നിരുന്ന പല സുഖസൗകര്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. പ്രദേശത്തെ ചേരികള്‍ സന്ദര്‍ശിക്കുന്നതിലും അവരെ സഹായിക്കുന്നതിലും അദ്ദേഹം ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കിയിരുന്നില്ല. പ്രസംഗവേദികളോടും ഭ്രമമില്ല. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നു ബോധ്യമുണ്ടെങ്കില്‍പോലും വിമര്‍ശകരോട് അദ്ദേഹം ശണ്ഠകൂടാറില്ല.
ഫ്രാന്‍സിസ് പാപ്പയുടെ വിനയവും ഏറെ പ്രസിദ്ധമായിരുന്നു. 2001-ല്‍ കര്‍ദിനാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്കൊപ്പം ആഹ്ലാദം പങ്കിടാന്‍ റോമിലേക്ക് പറക്കാനൊരുങ്ങിയ നൂറുകണക്കിന് അര്‍ജന്റീനക്കാരെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്-”റോം യാത്രയ്ക്കു ചെലവാകുന്ന വിമാനക്കൂലി നിങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കുക എന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം.” സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ 2002-ല്‍ അര്‍ജന്റീനയിലെ സാധാരണക്കാര്‍ക്കുവേണ്ടി സര്‍ക്കാറിനും രാഷ്ട്രീയക്കാര്‍ക്കും എതിരെ അദ്ദേഹം പൊരുതി.
പേര് തിരഞ്ഞെടുത്തപ്പോള്‍ തന്നെ തന്റെ വഴികള്‍ വ്യത്യസ്തമാണെന്ന് പുതിയ പാപ്പ ലോകത്തിന് വെളിപ്പെടുത്തി. കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് എന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യവാളനെന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേര് തിരഞ്ഞെടുത്തതിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്. ഫ്രാന്‍സിസ്‌കന്‍ സഭാസ്ഥാപകനായ താപസശ്രേഷ്ഠന്റെ പേരു സ്വീകരിക്കുകവഴി കര്‍ദിനാള്‍ മാരിയോ ബര്‍ഗോളിയോ ഇറ്റലിയുടെ ഹൃദയമാണ് കവര്‍ന്നത്. ദരിദ്രരരോടും സകല ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധനാണ് അസ്സീസ്സിയിലെ ഫ്രാന്‍സിസ്. ഉന്നതകുലജാതനായിട്ടും സമ്പത്തിന്റെ മടിത്തട്ടില്‍ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യനോടുമുള്ള സ്‌നേഹത്തെ പ്രതി ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായെടുത്തയാള്‍. അവസാനത്തെ ഉടുതുണി പോലും തെരുവിലെ ദരിദ്രന് കൊടുത്തയാള്‍. അങ്ങനെയുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ദരിദ്രരുടെ പക്ഷത്തു നിന്ന് സഭയെ മുന്നോട്ട് നയിച്ചു.
മറ്റ് മതങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പോപ്പിന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്ന ഫ്രാന്‍സിസ് പാപ്പയില്‍ ലോകം പുതിയൊരു മാതൃകയെയാണ് കണ്ടത്. ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമ ജനനനിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണവാദികളുടെ മറുചേരിയിലാണ് പോപ്പിന്റെ സ്ഥാനം. സ്വവര്‍ഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ ‘അനീതി’ എന്ന് വിമര്‍ശിച്ച പോപ്പ് ഫ്രാന്‍സിസ്, ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും സ്വവര്‍ഗരതിക്കാരായവരെ സഭയിലേക്ക് സ്വാഗതം ചെയ്യാന്‍ കത്തോലിക്കാ ബിഷപ്പുബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ക്രൈസ്തവര്‍ ചെയ്യുന്ന കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും പ്രക്ഷുബ്ദമായിരുന്ന സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ പാപ്പയ്ക്ക് സാധിച്ചു.
ജീവിതത്തില്‍ ആഡംബരങ്ങള്‍ ഒഴിവാക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിച്ചിരുന്നു. സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ദീര്‍ഘമായ പൊതുദര്‍ശനം, നീണ്ട അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും വേണ്ടെന്നും നിര്‍ദേശത്തിലുണ്ട്. മുന്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ അടക്കിയാല്‍ മതിയെന്നു നേരത്തെ നിര്‍ദേശിച്ചിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.