തിരുവനന്തപുരം: സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്നും ആര് സവര്‍ക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സവര്‍ക്കറെ പുകഴ്ത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവരുടെ സൗജന്യത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍നിന്ന് രക്ഷപ്പെട്ടുപോയ ഒരാളാണ് സവര്‍ക്കറെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിന് താന്‍ മറുപടി പറയില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്നായിരുന്നു പ്രതികരണം. അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാല്‍ അത് നാളത്തെ പത്രത്തില്‍ വാര്‍ത്തയാക്കാന്‍ അല്ലേ എന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.
നേരത്തേ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡിനെ വിമര്‍ശിച്ചായിരുന്നു, സവര്‍ക്കര്‍ രാജ്യത്തിന്റെ ശത്രുവാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചത്. മുന്‍ ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30-ന് പരീക്ഷാഭവനിന് സമീപം എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡാണ് ആര്‍ലേക്കറെ ചൊടിപ്പിച്ചത്.
ഇതേക്കുറിച്ച് സംസാരിക്കാന്‍ കരുതിയതല്ലെന്നും ബോര്‍ഡ് കണ്ടതുകൊണ്ട് സംസാരിക്കേണ്ടി വന്നതാണെന്നും പറഞ്ഞുകൊണ്ടാണ് ആര്‍ലേക്കര്‍ തുടങ്ങിയത്. ‘ഞങ്ങള്‍ക്കാവശ്യം ചാന്‍സലറെയാണ്, സവര്‍ക്കറെയല്ല എന്ന് ബാനറില്‍ എഴുതിയിരിക്കുന്നു. ഗവര്‍ണര്‍ ഇതാ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ക്കെന്താണ് ചെയ്യേണ്ടത് ഗവര്‍ണര്‍ ചോദിച്ചു.
എന്തു തെറ്റാണ് സവര്‍ക്കര്‍ ഈ രാജ്യത്തോട് ചെയ്തത്. വീടിനെയും വീട്ടുകാരെയും അദ്ദേഹം ഓര്‍ക്കാറില്ലായിരുന്നു. മറ്റുള്ളവരെക്കുറിച്ചാണ് എന്നും ചിന്തിച്ചത്. കാംപസ് രാഷ്ട്രീയത്തിന്റെ വലിയ പ്രശ്‌നമാണിതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ തടയണമെന്നും വിസിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം സര്‍വകലാശാലയിലെ ബോര്‍ഡുകളും കൊടിതോരണങ്ങളും മാറ്റാന്‍ വി.സി. നിര്‍ദേശിച്ചിരുന്നെങ്കിലും എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. എന്നാല്‍, ഗവര്‍ണറുടെ പരാമര്‍ശത്തിനുശേഷം ബോര്‍ഡ് അപ്രത്യക്ഷമായി. സര്‍വകലാശാലാ അധികൃതരുടെ നിര്‍ദേശപ്രകാരം പോലീസ് എടുത്തുമാറ്റിയതാണെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply