കോട്ടയം : ഏറ്റുമാനൂരില്‍ മക്കളെയും കൂട്ടി ആത്മഹത്യാ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ പൊലീസ്. കേസില്‍ നിര്‍ണായകമായ തെളിവാണ് ഷൈനിയുടെ ഫോണ്‍. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് നിഗമനം. ഷൈനി ട്രെയിന് മുന്നില്‍ ചാടിയ റെയില്‍വേ ട്രാക്കില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്തിയില്ല. വീട്ടില്‍ നടത്തിയ പരിശോധനയിലും ഫോണ്‍ കിട്ടിയില്ല. മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ എവിടെ എന്നറിയില്ലെന്നായിരുന്നു മറുപടി. നിലവില്‍ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴികള്‍ പൊലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. സ്വന്തം വീട്ടില്‍ നിന്നും ഷൈനി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
ഫെബ്രുവരി 28 ന് പുലര്‍ച്ചെ നാല് നാല്‍പ്പത്തിനാലിനാണ് (4.44) ഷൈനി മക്കളായ അലീനയേയും ഇവാനയേയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീടിന് എതിര്‍ വശമുള്ള റോഡിലൂടെയാണ് റെയില്‍വേ ട്രാക്കിലേക്ക് എത്തിയത്. ഇളയമകള്‍ ഇവാനെയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഭര്‍ത്താവ് നോബി ലൂക്കോസ് ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അതിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്ക് എടുത്ത വയ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം നോബി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.