കോട്ടയം: ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3നാണു സംഭവം. വിദ്യാര്‍ഥി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സഹപാഠികളായ 2 പേര്‍ക്കു പുറമേ മറ്റു 2 പേരും മര്‍ദിച്ച സംഘത്തിലുണ്ടായിരുന്നുവെന്നു വിദ്യാര്‍ഥി പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. മര്‍ദനത്തിനു നേതൃത്വം കൊടുത്തവരിലൊരാള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു.
ഈ പോസ്റ്റിനു മറ്റൊരു വിദ്യാര്‍ഥി കമന്റിട്ടു. ഈ കമന്റിലെ ഒരു അക്ഷരത്തെറ്റ്, അടി കിട്ടിയ വിദ്യാര്‍ഥി പോസ്റ്റിട്ട സുഹൃത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചെന്നാണു പറയുന്നത്. പ്രശ്‌നം സംസാരിച്ചുതീര്‍ക്കാമെന്നു പറഞ്ഞ് സഹപാഠികള്‍, അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാര്‍ഥിയെ വിളിച്ചുവരുത്തി.
പ്രദേശത്തെ ഒഴിഞ്ഞ വീടിനു സമീപം കാറിലെത്തിയ സംഘത്തില്‍ സഹപാഠികളായ 2 പേര്‍ക്കൊപ്പം പുറത്തുനിന്നുള്ള 2 പേര്‍ കൂടി ഉണ്ടായിരുന്നു. കാറില്‍ കരുതിയിരുന്ന പിവിസി പൈപ്പ് കൊണ്ടു തലയ്ക്കടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തു. ഓടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്തിയും മര്‍ദിച്ചു. നിലത്തുവീണപ്പോള്‍ ചവിട്ടി. ശബ്ദം കേട്ടു സമീപവാസികള്‍ എത്തിയപ്പോള്‍ സംഘം കാറില്‍ കടന്നുകളഞ്ഞു. സംഭവമറിഞ്ഞെത്തിയ വീട്ടുകാരാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply