തനിക്കെതിരെ വരുന്ന ബോഡിഷെയ്മിങ്ങ് കമന്റുകളോടും തെറി വിളികളോടും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള റീലിനു പിന്നാലെ, രേണു കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്.
”ഭര്‍ത്താവില്ലാത്ത സ്ത്രീയെ എന്തു തെറിയും വിളിക്കാം എന്നാണോ? റീല്‍ ചെയ്യുന്നത് ഇത്ര വലിയ പാതകമാണോ? നെഗറ്റീവ് കമന്റുകളോട് ഞാന്‍ പ്രതികരിക്കാറില്ല. തെറി വിളിക്കുന്നതാണ് പ്രശ്‌നം. റീല്‍ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ്. നാടകത്തില്‍ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായതു കൊണ്ടാണ്. അത് മക്കളെ പോറ്റാന്‍ വേണ്ടിയാണ്. ഇതൊക്കെ അഭിനയമാണ്. ക്യാമറയുടെ മുന്നിലല്ലേ ചെയ്യുന്നത്? അല്ലാതെ രഹസ്യമായി അല്ലല്ലോ. ഇനി ഇന്റിമേറ്റ് സീനില്‍ അഭിനയിക്കേണ്ടി വന്നാലും ഞാന്‍ അഭിനയിക്കും”, മഴവില്‍ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
സുധിയുടെ മൂത്ത മകന്‍ കിച്ചുവിനെ പുതിയ വീട്ടില്‍ നിന്നും പുറത്താക്കിയോ എന്ന കമന്റുകളോടും രേണു പ്രതികരിച്ചു. ”സുധി ചേട്ടന്റെ രണ്ട് മക്കളും എന്റെ മക്കള്‍ തന്നെയാണ്. റിതുലിനെക്കാള്‍ മുമ്പ് എന്നെ അമ്മേയെന്ന് വിളിച്ചത് കിച്ചുവാണ്. എനിക്ക് ഇതൊന്നും നാട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ പേരില്‍ അല്ല പുതിയ വീടെന്ന് പല അഭിമുഖങ്ങളില്‍ ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്”, എന്നും രേണു വ്യക്തമാക്കി.
തനിക്കു നേരെ വരുന്ന ബോഡി ഷെയ്മിങ്ങ് കമന്റുകളോടും രേണു പ്രതികരിച്ചു. ”ഞാന്‍ ഇങ്ങനെ ഇരിക്കുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവും ഇല്ല. എനിക്കിത് ദൈവം തന്ന രൂപമാണ്. മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനൊന്നും പറ്റില്ല. അതിനുള്ള നിര്‍വാഹവും ഇല്ല. ഞാന്‍ ട്രാന്‍സ് വുമണിനെപ്പോലെയാണ് ഇരിക്കുന്നതെന്നും ചിലര്‍ പറയുന്നു. അവര്‍ക്കെന്താ കുഴപ്പം? എനിക്ക് അവരെ ഇഷ്ടമാണ്. ചിലര്‍ പറയുന്നു പെരുമ്പാവൂരിലെ ജിഷച്ചേച്ചിയുടെ അമ്മയെപ്പോലെയാണ് ഞാനെന്ന്. അവരെയും എനിക്കിഷ്ടമാണ്. ചിലര്‍ പറയുന്നു എലിയുടെ മുഖം പോലെയാണെന്ന്. ഈ പറയുന്നതൊന്നും എനിക്ക് വിഷയമില്ല. തെറി വിളിക്കുന്നിടത്താണ് പ്രശ്‌നനം”, രേണു കൂട്ടിച്ചേര്‍ത്തു. സൗന്ദര്യത്തേക്കാള്‍ ഒരാളുടെ മനസാണ് പ്രധാനമെന്നും നമ്മളെക്കൊണ്ട് ആരെക്കൊണ്ടും ഒരു ഉപദ്രവവും ഉണ്ടാകാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത് എന്നുമായിരുന്നു രേണുവിനൊപ്പം അഭിമുഖത്തിനു വന്ന ദാസേട്ടന്‍ കോഴിക്കോടിന്റെ പ്രതികരണം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply