ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് ഒരു കപ്പല്‍സര്‍വീസുകൂടി തുടങ്ങുന്നതിന് വഴിയൊരുങ്ങുന്നു. തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്ക് ഈ വര്‍ഷം ജൂലായില്‍ സര്‍വീസ് തുടങ്ങാനാണ് തമിഴ്‌നാട് മാരിറ്റൈം ബോര്‍ഡിന്റെ പദ്ധതി. ഇതിനുവേണ്ട കസ്റ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിദേശമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കാണ് നിലവില്‍ കപ്പല്‍സര്‍വീസുള്ളത്. നാലുമണിക്കൂറോളമെടുത്താണ് 111 കിലോമീറ്റര്‍ ദൂരം ഈ കപ്പല്‍ താണ്ടുന്നത്. എന്നാല്‍, രാമേശ്വരത്തുനിന്ന് തലൈമാന്നാറിലേക്ക് 27 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഇതിന് ഒരു മണിക്കൂറില്‍ താഴെ സമയംമതി.
സര്‍വീസ് സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധര്‍ വിശദപദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. കപ്പലോടിക്കാന്‍ ഒരു സ്വകാര്യസ്ഥാപനം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ രാമേശ്വരത്ത് താത്കാലിക ജെട്ടി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തി 150 കോടി രൂപ ചെലവില്‍ സ്ഥിരം ജെട്ടി നിര്‍മിക്കും.
രാമേശ്വരത്തുനിന്ന് കപ്പല്‍സര്‍വീസ് തുടങ്ങുന്നത് ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിനോദസഞ്ചാരമേഖലയ്ക്ക് കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1890-കളില്‍െൈ ചന്നയില്‍നിന്ന് ശ്രീലങ്കയിലേക്ക് തീവണ്ടി-കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നു. ഒരൊറ്റ ടിക്കറ്റില്‍ തീവണ്ടിക്ക് തൂത്തുക്കുടിയില്‍ ഇറങ്ങി അവിടന്ന് കപ്പലില്‍ കൊളംബോയിലേക്ക് പോകുന്നതിന് അന്ന് സൗകര്യമുണ്ടായിരുന്നു. പിന്നീടിത് ധനുഷ്‌കോടി-തലൈമാന്നാര്‍ കപ്പല്‍സര്‍വീസിനു വഴിമാറി.
1964-ലെ കടല്‍ക്ഷോഭത്തില്‍ ധനുഷ്‌കോടിയിലേക്കുള്ള റെയില്‍പ്പാത തകര്‍ന്നതോടെയാണ് ഇതിന് തടസ്സംനേരിട്ടത്. എല്‍.ടി.ടി.ഇ.യുടെ നേതൃത്വത്തില്‍ തമിഴ് ദേശീയത തലപൊക്കുകയും ശ്രീലങ്ക ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്ത 1980-കളിലാണ് ഇരുരാജ്യങ്ങളുംതമ്മില്‍ കടല്‍വഴിയുള്ള ഗതാഗതം പൂര്‍ണമായി നിന്നുപോയത് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം 2023 ഒക്ടോബര്‍ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പല്‍സര്‍വീസ് പുനരാരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16-ന് പുനരാരംഭിച്ച സര്‍വീസ് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ നവംബര്‍ അഞ്ചിന് നിര്‍ത്തിവെച്ചു. കഴിഞ്ഞയാഴ്ചയാണ് വീണ്ടും തുടങ്ങിയത്. കടല്‍ പ്രക്ഷുബ്ധമായതുകാരണം ബുധനാഴ്ച സര്‍വീസ് നടന്നില്ല.
Discover more from MALAYALAM
Subscribe to get the latest posts sent to your email.