തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒന്‍പത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-നാണ് അവസാനിച്ചത്.
സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതി. അതില്‍ ആണ്‍കുട്ടികള്‍ 2,17,696, പെണ്‍കുട്ടികള്‍ 2,09,325. സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ത്ഥികളും, എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ത്ഥികളും, അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ എട്ട് കുട്ടികളും പരീക്ഷ എഴുതിയിരുന്നു.

റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍ ആണ്‍കുട്ടികള്‍ 2,815, പെണ്‍കുട്ടികള്‍ 242. എ.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാമണ്ഡലം ചെറുതുരുത്തിയില്‍ അറുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. എസ്.എസ്.എല്‍.സി (ഹിയറിംഗ്ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാര്‍ത്ഥികളും. റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ്ഇംപയേര്‍ഡ്) വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ 12 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിര്‍ണ്ണയം കഴിഞ്ഞ് മാര്‍ക്ക് എന്‍ട്രി നടപടികള്‍ പൂര്‍ത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുവെന്നും മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply