പാലക്കാട്: പാലക്കാട് നഗരസഭയില്‍ പ്രതിഷേധം. നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തുകയായിരുന്നു. ഇതോടെ ബിജെപി കൗണ്‍സിലര്‍മാരുമായി തര്‍ക്കമുണ്ടായി.സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്‌സിനെ കയ്യേറ്റം ചെയ്തു.
തുടര്‍ന്നാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്. കൗണ്‍സില്‍ തുടങ്ങുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നഗരസഭയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് ഇടപെട്ടിട്ടും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസും എല്‍ഡിഎഫും രംഗത്തെത്തിയത്.
ആരാണ് ഹെഡ്‌ഗേവാര്‍ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. പുറത്തുനിന്നുവന്ന ആളുകള്‍ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തുവെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇതിനിടെ, നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി. നേരത്തെയും വിവാദത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, തീരുമാനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പാലക്കാട് നഗരസഭ നേതൃത്വം.
അതേസമയം, അനധികൃതമായി കൗണ്‍സില്‍ യോഗത്തില്‍ ആരെയും കയറ്റിയിട്ടില്ലെന്നും യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ മനപൂര്‍വം പ്രശ്‌നമുണ്ടാകുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. യുഡിഎഫ്,എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ പാലക്കാട് ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന പ്ലക്കാര്‍ഡുകളുമായി ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. പാകിസ്ഥാന്‍ ജിന്ന പാലക്കാടിന് വേണഅട, ജിന്ന സ്ട്രീറ്റും വേണ്ടേ, വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
കയ്യാങ്കളിയും പ്രതിഷേധവും തുടരുന്നതിനിടെ നാടകീയ രംഗങ്ങളാണ് പാലക്കാട് നഗരസഭയിലുണ്ടായത്. സംഘര്‍ഷത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ മന്‍സൂറിന് പരിക്കേറ്റു. രണ്ട് കൗണ്‍സിലര്‍മാര്‍ കുഴഞ്ഞുവീണു. യുഡിഎഫ് കൗണ്‍സിലര്‍ അസനപ്പ, എല്‍ഡിഎഫ് കൗണ്‍സിലര്‍ സലീന എന്നിവരാണ് കുഴഞ്ഞുവീണത്. ബിജെപി കൗണ്‍സിലര്‍മാരെ ചേംബറില്‍ നിന്ന് മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍, മാറില്ലെന്ന് ബിജെപി വ്യക്തമാക്കി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply