2016-ൽ തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ കോടതിയിൽ നേരിട്ടെത്തി അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാൻ. പാരീസിലെ കോടതിയിലെത്തിയ അവർ ജഡ്ജിക്ക് മുമ്പാകെ മൊഴി നൽകി. താൻ ബലാത്സംഗം ചെയ്യപ്പെടുമെന്നും കൊല്ലപ്പെടുമെന്നും ഭയപ്പെട്ടുവെന്ന് കർദാഷിയാൻ പറഞ്ഞു. ഈ സംഭവം തന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചെന്നും അവർ കണ്ണീരോടെ പറഞ്ഞു.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പുറത്ത് ആരോ നടക്കുന്നതായി തോന്നിയെന്ന് കിം കർദാഷിയാൻ കോടതിയിൽ പറഞ്ഞു. പോലീസ് യൂണിഫോമിലുള്ള പുരുഷന്മാരും കൈവിലങ്ങിട്ടനിലയിൽ മറ്റൊരാളും അകത്തേക്ക് വന്നു. കൈവിലങ്ങിട്ടിരുന്നയാൾ ഹോട്ടലിന്റെ ഒന്നാം നിലയിലെ സഹായി ആയിരുന്നു. എന്താണ് നടക്കുന്നതെന്ന് അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു. അയാളും തന്നെപ്പോലെ അക്രമികളുടെ ഇരയായിരുന്നുവെന്നും കിം പറഞ്ഞു.

കൊള്ളക്കാർ പിന്നീട് കർദാഷിയാനെ കിടക്കയിലേക്ക് തള്ളിയിട്ട് അവരുടെ മോതിരം ചോദിച്ചു. ഈ സമയത്ത് തനിക്ക് കുട്ടികളുണ്ടെന്നും വീട്ടിലെത്തണമെന്നുമാണ് താൻ സഹായിയോട് ആവശ്യപ്പെട്ടത്. എന്നാൽ നമ്മൾ മരിക്കുമോയെന്ന് അറിയില്ലെന്നുമാത്രമാണ് സഹായി പറഞ്ഞതെന്നും അവർ മൊഴിനൽകി. ഒരാൾ തലയ്ക്കുനേരെ തോക്കുചൂണ്ടി. മറ്റൊരാൾ വായിലും കൈകളിലും ടേപ്പ് ചുറ്റി. അയാൾ കാലുകൾ പിടിച്ചുവലിച്ചു. ന​ഗ്നയാക്കപ്പെട്ട താൻ ബലാത്സം​ഗം ചെയ്യപ്പെടാൻ പോകുകയാണെന്ന് ഉറപ്പിച്ചെന്നും കിം കോടതിയിൽ പറഞ്ഞു.

പുറത്തുപോയ സഹോദരി കോർട്ട്നി തിരിച്ചുവരുമ്പോൾ തന്റെ മൃതദേഹം കാണുമോ എന്ന് ഭയപ്പെട്ടുവെന്നും കിം മൊഴി നൽകി. ആ രാത്രി കൊല്ലപ്പെടുമോയെന്ന് ഭയപ്പെട്ടോ എന്ന ചോദ്യത്തിന് “ഞാൻ ശരിക്കും മരിക്കുമെന്ന് കരുതിയിരുന്നു,” എന്നാണ് അവർ നൽകിയ മറുപടി. ആഭരണങ്ങൾ എടുത്തശേഷം അവർ തന്നെ ബാത്ത്റൂമിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവിടെവെച്ചാണ് ബന്ധിച്ചിരുന്ന ടേപ്പുകൾനീക്കം ചെയ്തതെന്നും കിം വ്യക്തമാക്കി. താഴത്തെ നിലയിലുണ്ടായിരുന്ന സ്റ്റൈലിസ്റ്റിനെ വിവരമറിയിച്ചശേഷം പുറത്തൊരിടത്ത് ഒളിച്ചിരിക്കുകയായിരുന്നെന്നും കിം കർദാഷിയാൻ പറഞ്ഞു.

അതേസമയം കേസിലെ പ്രധാന പ്രതിക്ക് കിം കോടതിയിൽവെച്ച് മാപ്പുനൽകി. 2016 ഒക്ടോബറിൽ ഫ്രാൻസിലെ ഫാഷൻ വീക്കിൽ പങ്കെടുക്കുന്നതിനായാണ് കിം എത്തിയത്. 10 മില്യൺ ഡോളറിൻ്റെ ആഭരണങ്ങൾ (ഏകദേശം 85 കോടി ഇന്ത്യൻ രൂപ) ആണ് അന്ന് അവർ താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് മോഷണംപോയത്. മുൻഭർത്താവ് കാന്യേ വെസ്റ്റ് നൽകിയ 4 മില്യൺ ഡോളർ വില വരുന്ന (ഏകദേശം 33 കോടി രൂപ) വജ്ര മോതിരവും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ടിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply