യുകെയിലെ കോണ്‍വാളില്‍ അസാധാരണമാംവിധം ചെറുതും മനോഹരവുമായ ഒരു വീട് വില്പനയ്ക്ക്. എന്നാല്‍, ഇതിന്റെ വിലയാണ് ആളുകളെ ഞെട്ടിക്കുന്നത്. നിലവില്‍ 235,000 പൗണ്ടിന് (2.57 കോടി രൂപ) ആണ് ഈ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. മത്സ്യബന്ധന ഗ്രാമമായ പോര്‍ട്ട്ലെവനില്‍ ക്ലെരെമോണ്ട് ടെറസില്‍ ആണ് വീട് സ്ഥിതി ചെയ്യുന്നത്. മൂന്നടി മാത്രം വലിപ്പമുള്ള ഈ വീടിന്റെ പ്രത്യേകമായ ആകൃതി കാരണം ‘ദ ഡോള്‍സ് ഹൗസ്’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ഒരു കത്തി പോലെ കാണപ്പെടുന്ന ഈ വീട് അസാധാരണമായ ഇതിന്റെ രൂപത്താലും ശ്രദ്ധേയമാണ്. രണ്ടു നിലകളിലായാണ് ഈ വീടുള്ളത്. ഭിത്തിയുടെ വേര്‍തിരിവുകള്‍ ഒന്നുമില്ലാതെ ഒറ്റ മുറിയിലാണ് ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ആകെ 339 ചതുരശ്ര അടി മാത്രമാണ് വിസ്തീര്‍ണം. കൗതുകങ്ങള്‍ ഏറെ നിറഞ്ഞ ഈ വീടിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിന് മൂന്ന് അടി മാത്രമാണ് വലിപ്പം. അതേസമയം ഏറ്റവും വീതി കൂടിയ ഭാഗം 10 അടിയും.
ഇത്തരം കൗതുകങ്ങളും ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ മനോഹാരിതയുമാണ് ഇത്തിരി കുഞ്ഞന്‍ വീടിനെ ഒരു വിലപ്പെട്ട വസ്തുവാക്കി മാറ്റിയിരിക്കുന്നത്
ക്രിയേറ്റീവ് ആര്‍ക്കിടെക്ചറിന്റെ മികച്ച ഉദാഹരണമാണ് ഡോള്‍സ് ഹൗസ്, അതിന്റെ ചെറുതും എന്നാല്‍ പ്രത്യേകവുമായ രൂപകല്‍പ്പന, ഏവരെയും ആകര്‍ഷിക്കുന്നതാണ്. ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, വീട്ടില്‍ ഒരു ഡബിള്‍ ബെഡ് ഉള്‍ക്കൊള്ളുന്ന ഒരു കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും വിശ്രമമുറിയും ഉണ്ട്. പക്ഷേ, എല്ലാ സൗകര്യങ്ങളും അല്പം ഒതുക്കത്തില്‍ ഉള്ളതാണെന്ന് മാത്രം. കടല്‍ത്തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഡോള്‍സ് ഹൗസ് ശാന്തമായ അന്തരീക്ഷമാണ് വാഗ്ദാനം ചെയ്യുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.