തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്.
ഏപ്രില്‍ പത്തിന് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ സംബന്ധിച്ചുള്ള ഏഴ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ടുകളും പരിഗണിച്ചശേഷമാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
വിനീതയുടെ കഴുത്തില്‍ക്കിടന്ന നാലരപ്പവന്റെ മാല കവരുന്നതിനായി പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്.
തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ 13-കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. പ്രതി എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി, പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കി.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.