പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള സെലബ്രിറ്റി നടിമാരുടെ വേഷവിധാനം സമീപകാലത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ബോബി ചെമ്മണ്ണൂര്‍-ഹണി റോസ് വിവാദത്തോടെയാണ് ഇത്തരം ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് മാറുന്നത്. പലരും ബോധപൂര്‍വം തന്നെ ഗ്ലാമറസ് വേഷത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന വിമര്‍ശനങ്ങളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഇപ്പോഴിതാ പാശ്ചാത്യ സംസ്‌കാരത്തിന്റെ മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള പുതുതലമുറയുടെ പ്രവണതകളെക്കുറിച്ചും കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുമെല്ലാം തന്റെ നിലപാട് തുറന്നുപറയുകയാണ് നടി മല്ലികാ സുകുമാരന്‍. കേരളത്തിലെ ഒരു മാധ്യമം സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീ ശാക്തീകരണം എവിടെനിന്ന് തുടങ്ങണം. അതാണ് ആദ്യം ചര്‍ച്ചചെയ്യേണ്ട ഒരു കാര്യം. ഇത് സ്ത്രീകളില്‍ നിന്നുതന്നെ തുടങ്ങണം. സ്വന്തം മക്കളെ തന്റെ കൈക്കുള്ളില്‍ ഒതുക്കിനിര്‍ത്തി നല്ല കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാനും വേണ്ടാത്തതിനെ തിരസ്‌കരിക്കാനുമൊക്കെ ഉപദേശം കൊടുത്ത് അമ്മയുടെ സ്ഥാനത്ത് നില്‍ക്കാന്‍ അമ്മമാര്‍ ഭയപ്പെടുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കഷ്ടമാണത്. എങ്ങോട്ടാണ് കേരളം പോകുന്നതെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു.
‘പാശ്ചാത്യരാജ്യങ്ങളിലെ നല്ല ഗുണങ്ങളെയൊക്കെ മാറ്റിനിര്‍ത്തി മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള ഒരു വാസന സ്ത്രീകളിലും പുരുഷന്‍മാരിലും വലിയതോതില്‍ ഇന്നുണ്ട്. ഒരുവിഭാഗം ആള്‍ക്കാര്‍ ഈ പാശ്ചാത്യ സംസ്‌കാരത്തില്‍നിന്ന് പ്രധാനമായും അടര്‍ത്തിയെടുക്കുന്നത് വേഷവിധാനമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാനിത് എന്റെ വീട്ടിലടക്കം എല്ലായിടത്തും പറയുന്നതാണ്. ഞാനടക്കമുള്ള സ്ത്രീകള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍, അടുക്കളയില്‍ ജോലിചെയ്യുമ്പോഴൊക്കെ നൈറ്റി ധരിക്കാറുണ്ട്. നമുക്ക് അതാണ് സൗകര്യവും. പക്ഷേ, ഒരു മാന്യമായ സദസിനു മുന്നില്‍ പോകുമ്പോള്‍ സ്ത്രീകള്‍ എങ്ങനെ വേഷവിധാനം ചെയ്യണം. എനിക്ക് വളരെ അടുത്തറിയാവുന്ന, ഞാന്‍ എന്റെ മക്കളെ പോലെ സ്നേഹിച്ചിരുന്ന ഒരുപിടി നായികമാരുണ്ട്. അത് സിനിമയാകട്ടെ സീരിയലാകട്ടെ, ഹാഫ് സാരിയൊക്കെ ഉടുത്ത് നല്ല പട്ടുപാവാടയും ബ്ലൗസുമൊക്കെയിട്ട് നടന്ന പിള്ളേരൊക്കെ ഇപ്പോള്‍ പൊതുവേദികളില്‍ വരുമ്പോള്‍ അവരുടെ വേഷവിധാനം കാണുമ്പോള്‍ ഒരുനിമിഷം ഞാന്‍ പോലും നോക്കാറുണ്ട്. ഇതെന്തുപറ്റി ഈ പിള്ളേര്‍ക്കെല്ലാം എന്ന് തോന്നാറുണ്ട്’, അവര്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.