ഭാര്യ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനം നിഷേധിച്ച കീഴ്ക്കോടതി വിധിക്കെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, ആര്‍. പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
ഭാര്യയുടെ ക്രൂരതകള്‍ കാരണം തനിക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നത്. ഭാര്യ പണം ധൂര്‍ത്തടിക്കുകയാണെന്നും അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും സ്വയംഭോഗം ചെയ്യാറുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭാര്യ വീട്ടുജോലികള്‍ ചെയ്യില്ലെന്നും തന്റെ മാതാപിതാക്കളോട് മോശമായി പെരുമാറുമെന്നും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരിക്കുന്നത് പതിവാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും ഭാര്യയുടെ ക്രൂരതകളായി തെളിയിക്കാന്‍ ഹര്‍ജിക്കാരാനായില്ലെന്ന് കോടതി കണ്ടെത്തി. ഇതിനൊപ്പമാണ് അശ്ലീലവീഡിയോകള്‍ കാണുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കിയത്. സ്വകാര്യമായി ഇത്തരം വീഡിയോകള്‍ കാണുന്നത് കുറ്റകരമല്ലെന്നും കോടതി പറഞ്ഞു.
സ്ത്രീകള്‍ക്കും സ്വയംഭോഗം ചെയ്യാനുളള അവകാശമുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി അവരുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറവെയ്ക്കാനാകില്ല. സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും കോടതി പറഞ്ഞു. പുരുഷന്മാര്‍ സ്വയംഭോഗംചെയ്യുന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെടുമ്പോള്‍ സ്ത്രീകളുടെ ഇത്തരം പ്രവൃത്തികളെ തെറ്റായി മുദ്രകുത്താനാവില്ല. വിവാഹത്തിന് ശേഷവും സ്ത്രീ അവളുടെ വ്യക്തിത്വം നിലനിര്‍ത്തുന്നു. സ്ത്രീയെന്ന നിലയിലുള്ള അവളുടെ അടിസ്ഥാന വ്യക്തിത്വം ഒരാളുടെ പങ്കാളിയെന്ന പദവിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അശ്ലീലവീഡിയോകളോടുള്ള ആസക്തി മോശമായകാര്യമാണെന്നും ധാര്‍മികമായി ന്യായീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞെങ്കിലും ഇത് വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.