കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും രണ്ടുപെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്ത യുവതിയുടെ ഭര്‍ത്താവ് തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. പ്രതിയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ബുധനാഴ്ച ഉച്ചയോടെ പോലീസ് നോബിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വൈകീട്ട് അഞ്ചുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെതന്നെ ഷൈനി ഗാര്‍ഹിക പീഡനത്തിന് നോബിക്കെതിരേ പരാതി നല്‍കിയിരുന്നു. നോബിയും കുടുംബാംഗങ്ങളും ഷൈനിക്ക് ജോലികിട്ടാതിരിക്കാന്‍ പോലും ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. നോബിയുടെ സഹോദരനായ, വിദേശത്തുള്ള വൈദികനെതിരേയും ആരോപണമുയര്‍ന്നു.
നോബിയുടെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലിലായിരുന്നു സംഭവം. റെയില്‍വേപാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്.
പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.
കുടുംബപ്രശ്‌നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14) എറണാകുളത്ത് സ്‌പോര്‍ട്സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്സി. നഴ്‌സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചുവരുകയായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply