ഇംഗ്ലണ്ടിലെ സ്വിന്‍ഡനില്‍ നിന്നുള്ള 45 -കാരിയായ ഒരു സ്ത്രീയുടെ മൃതദേഹം വീട്ടില്‍ വളര്‍ത്ത് നായ്ക്കള്‍ ഭാഗികമായി തിന്ന നിലയില്‍ കണ്ടെത്തി. ഒരു മാസമായി ഇവരുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനാണ് ഇവരുടെ മൃതദേഹം വീടിനുള്ളിലെ സ്വീകരണ മുറിയില്‍ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ച് പകുതിയാക്കിയ നിലയില്‍ കണ്ടെത്തിയത്. ജെമ്മ ഹാര്‍ട്ട് (45) എന്നാണ് സ്ത്രീയുടെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹാര്‍ട്ടിന്റെ നായ്ക്കള്‍ ഇടതടവില്ലാതെ കുരയ്ക്കുന്നത് കേട്ടാണ് അയല്‍ക്കാര്‍ വീടിനുള്ളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. വീടിന്റെ മറ്റൊരു കീ കൈവശം ഉണ്ടായിരുന്ന അയല്‍ക്കാരന്‍ വീട് തുറന്നു അകത്ത് കയറാന്‍ ശ്രമം നടത്തിയപ്പോഴാണ് വീടിന്റെ മറ്റേ കീ അപ്പോഴും പൂട്ടില്‍ കിടക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വീട് തുറന്നു പരിശോധന നടത്തിയപ്പോഴാണ് നായ്ക്കള്‍ ഭാഗികമായി ഭക്ഷിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹത്തിന് സമീപത്തായി ഒരു നായയെയും ചത്ത നിലയില്‍ കണ്ടെത്തി. ജീവനോടെ ഉണ്ടായിരുന്ന മറ്റൊരു നായ അവശനിലയില്‍ ആയിരുന്നു.
കാമുകന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി കടുത്ത വിഷാദ രോഗത്തിലായിരുന്നു ഹാര്‍ട്ട് എന്ന് അയല്‍വാസികള്‍ പറഞ്ഞു. നായ്ക്കള്‍ ആയിരുന്നു അവളുടെ ലോകമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ മരണ വിവരം അറിഞ്ഞ ഹാര്‍ട്ടിന്റെ മകന്‍ സമൂഹ മാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു.നായ പ്രേമിയായിരുന്നു ഹാര്‍ട്ട് 2022 ലാണ് ഫ്രാങ്കി എന്ന നായയെ സ്വന്തമാക്കിയത്. പിന്നാലെ 2023 -ല്‍ മില്ലി എന്ന മറ്റൊരു നായയെയും ദത്തെടുത്തു. ഈ നായ്ക്കള്‍ ആയിരുന്നു മരണസമയത്ത് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ഹാര്‍ട്ട് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മരണശേഷം പട്ടിണിയിലായ നായ്ക്കള്‍ അവരുടെ മൃതദേഹം ഭക്ഷിച്ചതായിരിക്കാമെന്നും പോലീസ് പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.