കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്. കാറിന്റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇയാള്‍ക്കുവേണ്ടി പോലീസ് വ്യാപകതിരച്ചില്‍ നടത്തിവരികയായിരുന്നു. നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രതി യാസിര്‍ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരിച്ചു. ഇയാള്‍ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് യാസിറിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നതായി വിവരം. പ്രതി യാസിര്‍ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം.

2020-ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസര്‍ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയില്‍ പറയുന്നുണ്ട്. നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോള്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ രമ്യതയിലെത്തുകയായിരുന്നുനവെന്നും തന്റെ സ്വര്‍ണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിര്‍ ലഹരി ഉപയോഗിച്ചും മറ്റു ധൂര്‍ത്തടിക്കുകയും ചെയ്തിരുന്നതായും ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്.
നിരന്തരമുള്ള മര്‍ദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്. തന്റെയും മകളുടെയും വസ്ത്രം ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിര്‍ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply