ഫ്‌ലോറിഡ: ബഹിരാകാശത്തുനിന്നും ഭൂമിയിലെത്തിയ സുനിത വില്യംസ് ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് ഇനി ആഴ്ചകള്‍ നീളുന്ന ഫിസിക്കല്‍ തെറാപ്പിയും, മെഡിക്കല്‍ നിരീക്ഷണവും നല്‍കും. ഭൂമിയിലെ ഗ്രാവിറ്റിയുമായി ശരീരത്തിന് പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് നടത്തുക. നിലവില്‍ നാലുപേര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. പേടകത്തില്‍ നിന്നും പുറത്തിറങ്ങിയ നാലുപേരെയും വൈദ്യ പരിശോധനയ്ക്കായി മാറ്റി.
കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവില്‍ സ്‌ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റി. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗണ്‍ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് മൂന്നരയോടെയാണ് ലാന്‍ഡ് ചെയ്തത്. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.